അമ്മാൻ- ഗാസയിൽ ഇസ്രായിൽ നടത്തുന്ന കൂട്ടക്കൊല ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ജോർദാൻ രാജാവ് ആവശ്യപ്പെട്ടു. സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായിൽ നടപടി അംഗീകരിക്കില്ല. വെസ്റ്റ് ബാങ്കിനെയും ഗാസ മുനമ്പിനെയും വേർതിരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും നിരസിക്കുന്നുവെന്നും അബ്ദുല്ല രണ്ടാമൻ രാജാവ് മുന്നറിയിപ്പ് നൽകി. ഗാസയിൽ അടിയന്തര വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹം ഉടൻ ശ്രമിക്കണമെന്ന് ജോർദാൻ രാജാവ് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനോട് ആവശ്യപ്പെട്ടു. ഇന്ന് അമ്മാനിൽ അറബ് വിദേശമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെടും. വെടിനിർത്തലിനെ നിലവിൽ എതിർക്കുന്നത് അമേരിക്കയാണ്. എന്നാൽ താൽക്കാലിക വെടിനിർത്തൽ സംബന്ധിച്ച് ആന്റണി ബ്ലിങ്കൻ ഇസ്രായിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം നിരസിച്ചു. ബന്ദികളെ മോചിപ്പിക്കുന്നത് ഉൾപ്പെടാത്ത താൽക്കാലിക വെടിനിർത്തൽ നിരസിച്ചതായി വെള്ളിയാഴ്ച ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നെതന്യാഹു പറഞ്ഞു.
ഒക്ടോബറിൽ ഇസ്രായിലും ഹമാസും യുദ്ധത്തിലേർപ്പെട്ടതിന് ശേഷം ഈ മേഖലയിലേക്കുള്ള രണ്ടാമത്തെ യാത്രയിലാണ് ബ്ലിങ്കെൻ.
അമ്മാനിൽ നടക്കുന്ന യോഗത്തിൽ സൗദി, ഖത്തർ, യു.എ.ഇ, ഈജിപ്ഷ്യൻ, ജോർദാനിയൻ വിദേശകാര്യ മന്ത്രിമാരും ഫലസ്തീൻ പ്രതിനിധികളും പങ്കെടുക്കും. മാനുഷിക വിരാമങ്ങളെക്കുറിച്ച് നെതന്യാഹുവുമായും അദ്ദേഹത്തിന്റെ യുദ്ധ കാബിനറ്റുമായും വെള്ളിയാഴ്ച ബ്ലിങ്കൻ നടത്തിയ ചർച്ചകൾ ഗാസയിലേക്ക് മാനുഷിക സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കഴിഞ്ഞ മാസം നേരത്തെയുള്ള നീക്കത്തെ പ്രതിഫലിപ്പിക്കുന്നതായി ഒരു മുതിർന്ന സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.