ടെല്‍ അവീവ്- ഗാസയില്‍ താത്ക്കാലിക യുദ്ധ വിരാമം എന്ന യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ആഹ്വാനം ഇസ്രായേല്‍ നിരസിച്ചു. ബ്ലിങ്കന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചയിലാണ് താത്ക്കാലിക യുദ്ധവിരാമത്തിന് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മറ്റ് ഉദ്യോഗസ്ഥരുമായുമായിരുന്നു ചര്‍ച്ച.
എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ ഈ ആഹ്വാനം തള്ളുന്നതായി നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടാത്ത താത്ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു വിശദമാക്കി. ഹമാസിനെതിരെ ഇസ്രായേല്‍ 'എല്ലാ ശക്തിയോടെയും' ആഞ്ഞടിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സൈന്യം ഗാസ നഗരം വളയുകയും 'സങ്കീര്‍ണ്ണമായ നഗര പോരാട്ടത്തില്‍' ഏര്‍പ്പെട്ടിരിക്കുകയുമായിരുന്നുവെന്ന് ഇസ്രായേല്‍ സൈനിക മേധാവികള്‍ പറഞ്ഞതിനു പിന്നാലെയാണ് യു. എസിന്റെ നയതന്ത്ര ശ്രമം നടന്നത്.
ടെല്‍ അവീവ് സന്ദര്‍ശനത്തില്‍ ബ്ലിങ്കന്‍ ഇസ്രായേലിനെ യു. എസ് പിന്തുണക്കുന്നുവെന്ന സന്ദേശം വാഗ്ദാനം ചെയ്യുകയും ഫലസ്തീന്‍ സിവിലിയന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ 'പ്രത്യക്ഷമായ നടപടികള്‍' സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഹമാസിനെ 'പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സിവിലിയന്‍ മരണങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഇസ്രയേലിന് യു. എസ് ഉപദേശം നല്‍കിയിട്ടുണ്ടെന്ന് ഒരു മാസത്തിനുള്ളില്‍ ഈ മേഖലയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്രയില്‍ ബ്ലിങ്കന്‍ പറഞ്ഞു. ഗാസയിലേക്ക് ഇന്ധനമുള്‍പ്പെടെ കൂടുതല്‍ സഹായം അനുവദിക്കുന്നതിനുള്ള വ്യക്തമായ നടപടികളെക്കുറിച്ച് താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗാസ മുനമ്പിലേക്ക് ഒരു ഇന്ധനവും അനുവദിക്കില്ലെന്ന കാര്യത്തില്‍ നെതന്യാഹു ഉറച്ചുനിന്നു. വെടിനിര്‍ത്തലിനെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും അദ്ദേഹം നിരസിക്കുകയും ചെയ്തു.
ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിലൂടെ മാത്രമേ ഇസ്രായേലിന് സുരക്ഷ ലഭിക്കൂ എന്നും യു. എസ് സ്റ്റേറ്റ് സെക്രട്ടറി വാദിച്ചു.
രണ്ട് ജനങ്ങള്‍ക്ക് രണ്ട് രാജ്യങ്ങള്‍. ഒരു യഹൂദ ജനാധിപത്യ ഇസ്രായേലിന് ശാശ്വത സുരക്ഷ ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം അതാണെന്നും ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ദീര്‍ഘകാല യു. എസ് നയം ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.