Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരണ നഗരമായ ഗാസ

കൈകളിൽ പേരുകളെഴുതിവെച്ച് മരണത്തെ കാത്തിരിക്കുന്ന ഗാസയിലെ കുട്ടികൾ. ഏതു നിമിഷവും ഇരമ്പിവരാവുന്ന മരണത്തിന്റെ ചിറകടിയൊച്ചകൾ അവരുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. കുട്ടികൾ മാത്രമല്ല, തിരിച്ചറിയപ്പെടാത്ത മൃതദേഹമായി, അടയാളപ്പെടുത്താത്ത ഖബറുകളിൽ ഒടുങ്ങാൻ ആഗ്രഹിക്കാത്ത ഓരോ ഫലസ്തീനിയും സ്വന്തം ശരീരത്തിൽ പേരുകൾ എഴുതിപ്പിടിപ്പിക്കുകയാണ്, അല്ലെങ്കിൽ ഒരു തിരിച്ചറിയൽ രേഖയെങ്കിലും എപ്പോഴും കൈയിൽ കരുതുകയാണ്.
തുടർച്ചയായ ബോംബാക്രമണങ്ങൾക്കിടയിൽ കടകൾ തുറക്കുന്ന അപൂർവ സന്ദർഭങ്ങളിൽ, ഗാസക്കാർ അവരുടെ ഇനീഷ്യലുകൾ കൊത്തിയ വളകൾ വാങ്ങാൻ നെട്ടോട്ടമോടുന്നു. മരണാനന്തരം അവർക്ക് ശരിയായ ഖബറിടം ലഭിക്കുന്നതിന് തങ്ങൾ തിരിച്ചറിയപ്പെടുമോ എന്നതാണ് അവരുടെ പ്രാഥമിക ആശങ്ക.
കുടുംബത്തിലെ 55 അംഗങ്ങൾ വ്യോമാക്രമണത്തിൽ തുടച്ചുനീക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ച നാൽപതുകാരനായ അലി എൽ-ദാബ ഹൃദയഭേദകമായ ഒരു തീരുമാനമെടുത്തു: അദ്ദേഹം തന്റെ കുടുംബത്തെ ഗാസ മുനമ്പിന്റെ പല ഭാഗങ്ങളിലായി ചിതറിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ലിന രണ്ട് ആൺമക്കൾക്കൊപ്പം ഗാസ നഗരത്തിന്റെ വടക്ക് ഭാഗത്ത് താമസിക്കുന്നു, അലിയും മകളും തെക്ക് ഖാൻ യൂനിസിലും.
ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഫലസ്തീനിയൻ എഴുത്തുകാരി ഹിബ അബു നദ എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകൾ വേദനിപ്പിക്കുന്നതാണ്. 'ഞങ്ങൾ മരിക്കുകയാണെങ്കിൽ, ഞങ്ങൾ സംതൃപ്തരും സ്ഥിരതയുള്ളവരുമാണെന്ന് അറിയുക, ഞങ്ങൾ നീതിമാന്മാരാണെന്ന് അവരെ അറിയിക്കുക. നാം ദൈവത്തിന്റെ മുമ്പാകെ ഗാസയിലാണ്.... സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വാഗ്ദാനത്തിനായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്,' പേജ് നിശബ്ദമാകുന്നതിന് മുമ്പ്, ഒക്ടോബർ 20 ന് അവർ എഴുതി.
സംഘർഷം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ സംബന്ധിച്ച്, വ്യക്തിപരമായ നഷ്ടങ്ങൾക്ക് മുന്നിൽ കണ്ണീർ തൂകാതെയിരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഉദാഹരണത്തിന്, ഗാസയിലെ അൽ ജസീറയുടെ ബ്യൂറോ ചീഫായ വാൽ അൽ-ദഹ്ദൂഹ്. ഒക്ടോബർ 25 ന് ഇസ്രായിൽ വ്യോമാക്രമണത്തിൽ ഭാര്യയെയും മകനെയും മകളെയും ചെറുമകനെയും നഷ്ടപ്പെട്ടു. അടുത്ത ദിവസം അദ്ദേഹം ജോലിയിൽ പ്രവേശിച്ചു: 'ഇത് എന്റെ കടമയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുപത്തിമൂന്ന് മാധ്യമപ്രവർത്തകരാണ് ഇതെഴുതുന്നതുവരെ കൊല്ലപ്പെട്ടത്.
ഗാസയിലെ ഫലസ്തീൻ പത്രപ്രവർത്തകനായ നൂർ ഹരാസീൻ പറഞ്ഞു: 'രണ്ട് ദിവസം മുമ്പ്, ഇസ്രായിൽ യുദ്ധവിമാനങ്ങൾ ഒരേസമയം ദേർ അൽ-ബലാഹിലെ രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ടിരുന്നു. നിരവധി പേർ മരിച്ചു; അവരിൽ പലരും കുട്ടികളായിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ഞാൻ കണ്ടു. ചില കുട്ടികൾ എന്റെ സ്വന്തം കുട്ടികളെ ഓർമ്മിപ്പിച്ചു. എനിക്ക് രണ്ട് മക്കളുണ്ട്; അവർ അഞ്ച് വയസ്സുള്ള ഇരട്ടകളാണ്. എന്താണ് സം

ഭവിക്കുന്നതെന്ന് കുട്ടികൾക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ല. തങ്ങൾ ഒരു യാത്രയിലോ മറ്റോ പോകുകയാണെന്ന് അവർ കരുതുന്നു.
ബോംബാക്രമണത്തിന്റെ അനന്തരഫലങ്ങൾ ഗാസയിലാകെ പ്രകടമാണ്. മുറിവേറ്റ നഗരമാണത്. തരിപ്പണമായ കെട്ടിടങ്ങൾ,  അടയാളപ്പെടുത്താത്ത എണ്ണമറ്റ ശവക്കുഴികൾ, വികൃതമാക്കപ്പെട്ടതും കഷ്ണങ്ങളായി കിടക്കുന്നതുമായ  മൃതദേഹങ്ങൾ.. നഗരദൃശ്യങ്ങൾ ഭീതിദമാണ്.
കാലങ്ങളായി സമാധാനം അപരിചിതമാണ് ഫലസ്തീന്. എങ്കിലും 2005 ന് ശേഷമുള്ള ഏറ്റവും രക്തരൂഷിതമായ വർഷമാണ് 2023. ഇത് എഴുതുമ്പോൾ, ഗാസ മുനമ്പിൽ 9000  പേർ മരിക്കുകയും 17,450-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിൽ 100 ലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ, ഇസ്രായിൽ സൈന്യത്തിന്റെ പിന്തുണയോടെ, ജൂത കുടിയേറ്റക്കാരുടെ ആക്രമണവും വർധിച്ചു. ഫലസ്തീനികളുടെ വീടുകൾ തകർക്കാൻ ബുൾഡോസറുകൾ യഥേഷ്ടം വരുന്നു.
വാസ്തവത്തിൽ, ഹമാസ് ആക്രമണത്തിന് മുമ്പ്, സംഘർഷത്തിൽ വിറയ്ക്കുന്നത് വെസ്റ്റ് ബാങ്കായിരുന്നു. യഹൂദ കുടിയേറ്റക്കാരുടെ വർധിച്ച ആക്രമണം, തുടരുന്ന വിവേചനം, അൽ അഖ്സയിലേക്ക് നുഴഞ്ഞുകയറ്റം. ആളുകൾ സ്‌ഫോടനാത്മകമായ അന്തരീക്ഷം പ്രവചിച്ചത് വെസ്റ്റ് ബാങ്കിലാണ്. നെതന്യാഹു വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയിരുന്നു.
അതിനാൽ, ഒക്ടോബർ 7 ന് ഗാസ മുനമ്പിൽനിന്നുള്ള ഹമാസ് ആക്രമണം ഇരുപക്ഷത്തെയും അത്ഭുതപ്പെടുത്തിയതായി തോന്നുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ ആക്രമണം നിലവിലെ സ്ഥിതിയിൽ കാര്യമായ മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. മോട്ടോർബൈക്കുകൾ, ട്രാക്ടറുകൾ, പാരാഗ്ലൈഡറുകൾ എന്നിവ ഉപയോഗിച്ച് ഹമാസ് ലോകത്തിലെ ഏറ്റവും നൂതനമായ ഒരു സൈന്യത്തെ വിറപ്പിച്ചു.  ക്ഫാർ ആസ, ബീറി, നഹൽ ഓസ്, മാഗൻ എന്നിവിടങ്ങളിലെ ഇസ്രായിൽ വാസസ്ഥലങ്ങൾ ആക്രമിച്ചു.
വെസ്റ്റ്ബാങ്കിലെ ജനങ്ങൾക്കെതിരെ ഇസ്രായിൽ കുടിയേറ്റക്കാർ നടത്തിയ അക്രമങ്ങൾ, ഗാസയുടെ തുടർച്ചയായ അധിനിവേശം, അൽ അഖ്സ മസ്ജിദിലെ പോലീസ് റെയ്ഡ്, സംഘർഷങ്ങൾ എന്നിവക്കെതിരായ നേരിട്ടുള്ള പ്രതികരണമാണ്, ചെറുത്തുനിൽപ്പിന്റെ നടപടിയെന്നായിരുന്നു അൽ ഖസ്സാം ബ്രിഗേഡ്സിന്റെ നേതാവ് മുഹമ്മദ് അൽ ദയിഫിന്റെ വിശദീകരണം. 
2023 ആരംഭിച്ചത് മുതൽ, ഇസ്രായിൽ കുടിയേറ്റക്കാരും ഉദ്യോഗസ്ഥരും അൽ അഖ്‌സ മസ്ജിദിൽ പ്രകോപനപരമായ ആക്രമണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരും സൈനികരും യഹൂദ മതദിനങ്ങളിൽ പള്ളിയിലേക്ക് ഇരച്ചുകയറുകയും മുസ്‌ലിംകളെ പ്രാർഥനക്കായി പ്രവേശിക്കുന്നതിൽനിന്ന് തടയുകയും ചെയ്തു. മസ്ജിദിനെ അശുദ്ധമാക്കുന്നതും ഫലസ്തീനികളെ അതിന്റെ കവാടങ്ങളിൽ അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അൽ ഖസ്സാം ഇസ്രായിലിന് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസക്കെതിരായ ഇസ്രായിൽ തിരിച്ചടി അതിരൂക്ഷമാണ്. 'ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇസ്രായിൽ ഏകദേശം 6,500 ബോംബുകൾ വർഷിച്ചു, അഫ്ഗാനിസ്ഥാനിൽ ഒരു വർഷത്തിനുള്ളിൽ യു.എസ് ഉപയോഗിച്ചതിന് സമാനമാണ് ഈ സംഖ്യ' -യുദ്ധത്തിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ഡച്ച് സമാധാന സംഘടനയായ പാക്‌സ് ഫോർ പീസിലെ മാർക്ക് ഗാർലാസ്‌കോ റിപ്പോർട്ട് ചെയ്തു. പ്രതിദിനം 100 മരണങ്ങളിൽനിന്ന് ഒക്ടോബർ 23, 24 തീയതികളിൽ മരണം 400 ആയി ഉയർന്നു.
ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വെസ്റ്റ് ബാങ്ക്, ജറൂസലം, ഫലസ്തീൻ എന്നിവിടങ്ങളിലായി ആയിരത്തിലധികം ഫലസ്തീനികൾ തടവിലാക്കപ്പെട്ടു. അവരിൽ ചിലർ പിന്നീട് ജയിലിൽ മരിച്ചു. ക്രൂരമായ പോലീസ് പീഡനമാണ് ജയിലുകളിൽ. നിലവിൽ 10,000 ഫലസ്തീനികൾ തടവിലാണ്.
ഇസ്രായിലിൽനിന്ന് ഉൾപ്പെടെയുള്ള വിദഗ്ധർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ നടപടികളെ വിമർശിച്ചു. ഇത് പിരിമുറുക്കം രൂക്ഷമാക്കിയെന്ന് അവർ പറയുന്നു. ഫലസ്തീനികൾക്കെതിരായ വ്യവസ്ഥാപിത വിവേചനത്തിനും അവഗണനക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ഈ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നു. പറ്റുന്നിടത്തോളം ഫലസ്തീനികളെ കൊല്ലാനുള്ള നീണ്ട, തീവ്രമായ വ്യോമാക്രമണ പരമ്പരയെയാണ് ഇസ്രായിൽ ഇപ്പോൾ ആശ്രയിക്കുന്നത്. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, ഒരു കരയുദ്ധം ചെറുത്തുനിൽപ്പിനുള്ള സുവർണ്ണാവസരമായിരിക്കും, കാരണം കരയുദ്ധം ഇസ്രായിൽ സൈന്യത്തിന് അത്ര വശമില്ല. 
സൈനിക നടപടി വിജയിക്കുന്നത് അസാധ്യമാക്കുന്ന സങ്കീർണവും ഉയർന്ന ജനസാന്ദ്രതയുള്ളതുമായ നഗര ഭൂപ്രകൃതിയുള്ള ഗാസ ആക്രമിച്ചാൽ നഷ്ടം വളരെ വലുതായിരിക്കുമെന്ന് ഇസ്രായിലി ആർമി ജനറൽമാർക്ക് നന്നായി അറിയാം. കൂടാതെ, ഹമാസിനെ നശിപ്പിക്കുക എന്ന ഇസ്രായിലിന്റെ ലക്ഷ്യം നടപ്പാകാനും സാധ്യതയില്ല. കാരണം പല ഫലസ്തീനികൾക്കും ഹമാസ് പ്രതിരോധത്തിന്റെയും വിമോചന ത്തിന്റെയും പ്രസ്ഥാനമാണ്. ഫലസ്തീനികൾ ചെറുത്തുനിൽപ്പിൽ വിശ്വസിക്കുന്നത് തുടരുകയും തങ്ങളുടെ അവകാശങ്ങളുടെ ഏക സംരക്ഷകനായി അതിനെ കണക്കാക്കുകയും ചെയ്യുന്നിടത്തോളം ഇസ്രായിൽ ലക്ഷ്യം കാണില്ല. 
ഗാസയിലെ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സിലെ ഡോക്ടർ നിഹാൽ അബു-സിത്ത പറഞ്ഞതുപോലെ 'ഫലസ്തീനിയൻ ആത്മാവിനെ തകർക്കുകയും നിയന്ത്രണങ്ങൾ സ്വീകരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുക എന്നതാണ് ഇസ്രായിലിന്റെ ലക്ഷ്യം.'

(മിഡിൽ ഈസ്റ്റ് ഐ, അൽ ജസീറ, തുർക്കിയിലെ അനഡോലു ഏജൻസി എന്നിവയിൽ എഴുതുന്ന വെസ്റ്റ് ബാങ്കിലെ റമല്ല ആസ്ഥാനമായുള്ള ഫലസ്തീനിയൻ ഫ്രീലാൻസ് ജേണലിസ്റ്റും ബ്ലോഗറുമാണ് സലാം അബു ഷരാർ.)

Latest News