മുംബൈ - അമ്മയുടെ അടുത്ത് നിന്ന് സ്വന്തം കുട്ടിയെ കൊണ്ടുപോയതിന് പിതാവിനുമേല്‍ തട്ടിക്കൊണ്ടുപോയതായി കുറ്റം ചുമത്താനാവില്ലെന്ന് മുംബൈ ഹൈക്കോടതി. നിയമാനുസൃതമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അവകാശം പിതാവിനും മാതാവിനും തുല്യമാണെന്നും കോടതി പറഞ്ഞു. അതിനാല്‍ ഇത്തരം കേസുകളില്‍ ഐ പി സി വകുപ്പ് പ്രകാരം പിതാവ് കുറ്റം ചെയ്തതായി പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാല്‍മീകി മെനേസസും അടങ്ങുന്ന നാഗ്പൂരിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 29ന് പിതാവ് മൂന്ന് വയസ്സുള്ള മകനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും അത് തട്ടിക്കൊണ്ടുപോകലാണ് എന്നുമാണ് കുട്ടിയുടെ മാതാവ് പരാതിയില്‍ ആരോപിച്ചത്.