Sorry, you need to enable JavaScript to visit this website.

ട്യൂഷന്‍ അധ്യാപകരുടെ മകനെ  പ്ലസ് ടു വിദ്യാര്‍ത്ഥി കുത്തിക്കൊന്നു 

ഭുവനേശ്വര്‍- ട്യൂഷന്‍ ഫീസിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ്സുകാരനെ കുത്തിക്കൊന്നു. ട്യൂഷനെടുക്കുന്ന അധ്യാപക ദമ്പതികളുടെ മകനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത്. 5000 രൂപ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ പറ്റാതിരുന്നതോടെ തന്റെ മാതാപിതാക്കളെ അധ്യാപകര്‍ അപമാനിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്ലസ് ടു വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
ഒഡീഷയിലെ ജത്‌നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തന്റെ മുറിയിലായിരിക്കെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ട്യൂഷനെടുക്കുന്ന തിരക്കിലായിരുന്നുവെന്ന് ഭുവനേശ്വര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിംഗ് പറഞ്ഞു. നിലവിളി കേട്ട് ദമ്പതികള്‍ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ മകന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ ഖുര്‍ദ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു സ്‌കൂള്‍ ബാഗ് കണ്ടെത്തി. അതില്‍ സ്‌കൂള്‍ യൂണിഫോമും പുസ്തകങ്ങളും ഉണ്ടായിരുന്നു. ആ ബാഗില്‍ നിന്ന് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞു. ചോദ്യംചെയ്യലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് താന്‍ ട്യൂഷന് പോയിരുന്നുവെന്നും 5000 രൂപ ഫീസായി നല്‍കാനുണ്ടെന്നും പ്ലസ് ടു വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ അധ്യാപകര്‍ തന്റെ മാതാപിതാക്കളെ പരസ്യമായി അപമാനിച്ചതു കൊണ്ടാണ് അവരുടെ മകനെ കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് മൊഴി.
എന്നാല്‍ ഫീസിന്റെ പേരില്‍ അപമാനിച്ചിട്ടില്ല എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മനോജ് പാല്‍താസിംഗ് പറഞ്ഞത്- 'എന്റെ മകന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. അവന് ആരുമായും ശത്രുതയുണ്ടായിരുന്നില്ല. മറ്റാരെങ്കിലും കൊലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നിരിക്കാം. കൃത്യമായ കാരണം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം'

Latest News