കൊച്ചി- വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ അമ്മ ജനറൽ ബോഡി ഉടൻ വിളിക്കാൻ ഇന്നലെ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഡബ്ല്യൂ.സി.സി പ്രതിനിധികളും നടത്തിയ ചർച്ചയിൽ ധാരണയായി. ജനറൽ ബോഡിയിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടോ ഒരു വോട്ടിങ് മുഖേനയോ പറയാനുള്ള സന്ദർഭം ഒരുക്കുമെന്ന് മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അഭിനേതാക്കളായ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി അമ്മക്കെതിരെ പരാതി ഉന്നയിച്ച ജോയ് മാത്യു, ഷമ്മി തിലകൻ എന്നിവരുമായും പ്രത്യേകം ചർച്ച നടത്തിയത്. ചർച്ചയിൽ തെറ്റിദ്ധാരണകൾ നീങ്ങിയതായി നടി പാർവതി യോഗത്തിന് ശേഷം പറഞ്ഞു. ദിലീപ് വിഷയത്തിൽ രണ്ടു ചേരിയായ അമ്മയിൽ അഭിപ്രായ ഭിന്നതകളുടെ മഞ്ഞുരുകുന്നുവെന്ന സൂചനയാണ് യോഗത്തിന് ശേഷം പുറത്തു വരുന്നത്.
സങ്കീർണമായ ഒരു പ്രശ്‌നവും സംഘടനയിൽ ഇല്ലെന്ന് മോഹൻലാൽ പറഞ്ഞു. പൊതുവായി ചർച്ച ചെയ്യാനുള്ള വിഷയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്ത് തീർന്നിട്ടില്ല. യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച കാര്യങ്ങൾ നല്ലതാണ്. പലതും സംഭവിച്ച് കഴിഞ്ഞതുകൊണ്ട് അതിന്റെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ സാധിക്കില്ല. ജനറൽ ബോഡി ഇക്കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായ പ്രകാരം തീരുമാനമെടുക്കും. രാജി വെക്കാതെ എല്ലാവരോടും സൗഹർദത്തോടെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സഹായം പ്രതീക്ഷിച്ചിട്ടും കിട്ടിയില്ലെങ്കിലേ രാജി വയ്ക്കുന്നതിനെ പറ്റി ആലോചിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
തിലകനുമായി സംഘടനാപരമല്ലാതെ വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. നമ്മളെ വിട്ടുപോയ ഒരാളെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരാം എന്നതിനെ പറ്റി ആലോചിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദിഖ്, ടിനി ടോം, ആസിഫ് അലി, ജയസൂര്യ, ഇന്ദ്രൻസ്, ഇടവേള ബാബു, അജു വർഗീസ്, ശ്വേതാ മേനോൻ, മുകേഷ്, കരമന സുധീർ എന്നിവർ പങ്കെടുത്തു.
നടിയുടെ കേസിൽ ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ നൽകിയ ഹരജി അമ്മയുടെ തീരുമാനമല്ലെന്ന് ട്രഷറർ ജഗദീഷ് പറഞ്ഞു. സംഘടന രചനയോടും ഹണിയോടും ആക്രമിക്കപ്പെട്ട നടിക്ക് എന്തൊക്കെ സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ചർച്ച ചെയ്തിരുന്നു. അല്ലാതെ ഔദ്യോഗിക തീരുമാനം അല്ല. തുടർന്ന് അവർ സ്വയം എടുത്ത തീരുമാന പ്രകാരം കക്ഷി ചേരാനുള്ള ഹരജി കൊടുത്തു. അതിൽ ചെറിയ പിഴവുകൾ വന്നു. അത് ഏത് രീതിയിൽ തിരുത്തണമെന്ന് തീരുമാനിക്കും. അമ്മ നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ഏതൊക്കെ രീതിയിൽ സഹായിക്കാമെന്ന് നിർദേശിച്ചിട്ടേയുള്ളൂ. ആക്രമിക്കപ്പെട്ട നടിയോട് കക്ഷി ചേരുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല. എന്നാൽ രചനയും അവരും അടുത്ത സുഹൃത്തുക്കളാണെന്നും ജഗദീഷ് പറഞ്ഞു.
തങ്ങൾ കൊടുത്ത ഹരജിയിൽ വന്ന വീഴ്ച ഒരു അഭിഭാഷകന്റെ സഹായത്തോടെ തിരുത്തുമെന്ന് രചന നാരായണൻകുട്ടി പറഞ്ഞു. ഹരജിയിൽ സുഹൃത്തിന് എതിരായി വന്ന ഭാഗം നീക്കം ചെയ്യും. എന്നാൽ ഹരജി പിൻവലിക്കില്ല.
ആക്രമിക്കപ്പെട്ട നടിയുമായി ചർച്ച ചെയ്തില്ലായെന്നതാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച. 32 വർഷത്തെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകനാണ് നടിക്ക് വേണ്ടി ഹാജരാകുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും രചന പറഞ്ഞു.