ബെംഗളൂരു - നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് മൂന്നു കോടിയിലധികം വിലമതിക്കുന്ന നാല് കിലോ സ്വര്‍ണവും 32 കിലോ വെള്ളിയും ഒമ്പത് ലക്ഷം രൂപയും മോഷ്ടിച്ച, ജ്വല്ലറിയുടമയുടെ വീട്ടുജോലിക്കാരനായ രാജസ്ഥാന്‍ സ്വദേശിയും രണ്ട് ബന്ധുക്കളും ഒളിവില്‍.
ജോലിക്കെത്തി ഒരു മാസമാകുന്നതിനിടെയാണ് ഇയാള്‍ വന്‍ കവര്‍ച്ച നടത്തിയത്. വീടും കടകളും വൃത്തിയാക്കാനാണ് മുഖ്യപ്രതി കേതാരത്തെ ഉടമ നിയോഗിച്ചത്. ജ്വല്ലറിയുടമ മുംബൈയില്‍ പോയ തക്കം നോക്കിയാണ് പ്രതി ആഭരണങ്ങളുമായി മുങ്ങിയത്. ഹലാസുര ഗേറ്റ് പോലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയിലാണ് എന്‍ടി പേട്ടയിലെ ഒ.കെ റോഡിലുള്ള കാഞ്ചന ജ്വല്ലറിയില്‍ മോഷണം നടന്നത്. കേതാരം, രാകേഷ്, ദിനേശ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. വിവി പുരം സ്വദേശിയും കാഞ്ചന ജ്വല്ലേഴ്‌സ് ഉടമയുമായ അരവിന്ദ് കുമാര്‍ താഡെ എന്ന 70കാരനാണ് പോലീസില്‍ പരാതി നല്‍കിയത്.
കേതാരം, താഡെയുടെ വസതിയില്‍ വീട്ടുജോലിക്കാരനായി ജോലി ചെയ്യുകയായിരുന്നു. ജ്വല്ലറി വൃത്തിയാക്കാനും ഇയാളെ നിയോഗിച്ചിരുന്നു. മോഷണം നടന്ന ദിവസം താഡെ മുംബൈയിലേക്ക് പോയിരുന്നു. ഞായറാഴ്ചയായതിനാല്‍ കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയി.
വീട്ടുകാരുടെ അഭാവത്തില്‍ കേതാരം ജ്വല്ലറിയുടെ താക്കോല്‍ എടുത്തു. ഇയാളും മറ്റ് രണ്ടുപേരും ചേര്‍ന്ന് 4.3 കിലോ സ്വര്‍ണവും 32 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. മോഷണം നടത്തുന്നതിനിടെ പ്രതികള്‍ സിസിടിവി ബന്ധം വിച്ഛേദിച്ചിരുന്നു. മോഷണവിവരം അറിഞ്ഞ സമീപത്തെ കടയുടമകള്‍ താഡെയുടെ മകനെ വിവരമറിയിച്ചു.
'പ്രധാന പ്രതികളും മറ്റ് രണ്ട് പേരും ഇനിയും പിടിയിലാകാനുണ്ട്. പ്രധാന പ്രതികളുടെ വിശദാംശങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.