ലഖ്‌നൗ- മദ്‌റസകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചതോടെ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലേറെ അപേക്ഷകള്‍. യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ സര്‍ക്കാരാണ് മദ്്‌റസ ലൈസന്‍സുകള്‍ നല്‍കുന്നത് തടഞ്ഞ് റജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചത്.
എട്ടു വര്‍ഷമായി മദ്‌റസകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല. മദ്‌റസകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ വിപുലമായ സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വ്വേയില്‍ എട്ടായിരം മദ്‌റസകള്‍ക്ക് രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അയ്യായിരത്തോളം എണ്ണമാണ് 2016 മുതല്‍ അപേക്ഷ നല്‍കി റജിസ്‌ട്രേഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നത്.
ഏഴരലക്ഷം കുട്ടികളുടെ മതപഠനമാണ് റജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബാധിച്ചിരിക്കുന്നത്. ഇവരില്‍ 90 ശതമാനവും അതീവ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.