മലപ്പുറം-കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലക്കിനെ അവഗണിച്ച് കോരിച്ചെരിയുന്ന മഴയത്ത്് മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത ഫലസ്തീൻ ഐക്യദാർഢ്യ റാലിയും ജനസദസും നടത്തി.ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.മലപ്പുറം ജില്ലാ കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയതിനാൽ ആര്യാടൻ ഫൗേേണ്ടഷന്റെ പേരിൽ ഇതേ പരിപാടി നടത്തുന്നത് വിഭാഗീയ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി ഈ പരിപാടിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.കഴിഞ്ഞ ദിവസം ആര്യാടൻ ഫൗണ്ടേഷൻ വർക്കിങ് ചെയർമാനായ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി നേതൃത്വം ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു.പരിപാടിയിൽ പങ്കെടുത്താൻ നടപടിയെടുക്കുമെന്ന് ഡി.സി.സി നേതൃത്വം ജില്ലയിലെ പ്രവർത്തകർക്ക് സന്ദേശവും നൽകി. ഇതെല്ലാം അവഗണിച്ചാണ് വൈകീട്ട് മലപ്പുറത്ത് സ്ത്രീകളടക്കം ആയിരങ്ങൾ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നായി ഫലസ്തീൻ ഐക്യദാർഡ്യ റാലിക്കായി ഒഴുകിയെത്തിയത്.
മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ നിന്നും റാലി ആരംഭിച്ചപ്പോഴേക്കും കോരിച്ചൊരിയുന്ന മഴയായി. കനത്ത മഴയിലും ആവേശം ചേരാതെ സ്ത്രീകളടക്കമുള്ള ആയിരങ്ങൾ റാലിയായി ജനസദസ് നടക്കുന്ന കിഴക്കേത്തലയിലേക്ക് നോ വാർ, ഫ്രീ പലസ്തീൻ എന്ന ബാന്റും നെറ്റിയിൽകെട്ടി മുദ്രാവാക്യം മുഴക്കിയാണ് നടന്നുപോയത്. പ്രായം ചെന്നവരടക്കമുള്ള അയ്യായിരത്തോളം പേർ മഴയിൽ റാലിയിൽ പെങ്കെടുക്കാനാവാതെ ടൗൺഹാളിൽ തന്നെ ഇരിക്കുകയായിരുന്നു.പതിനായിരത്തിലേറെ പേരാണ് റാലിയിലും ജനസദസിലുമായി പങ്കെടുത്തത്.
ഫലസ്തീൻ ഐക്യദാർഢ്യ റാലി വിഭാഗീയതയാകുന്നത് എങ്ങിനെയെന്ന് ആര്യാടൻ ഷൗക്കത്ത്
മലപ്പുറം-ഫലസ്തിൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് റാലി നടത്തുന്നത് വിഭാഗീയ പ്രവർത്തനമാകുന്നതെങ്ങനെ എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഫൗണ്ടേഷന്റെ റാലിക്കു ശേഷം നടന്ന ജനസദസിലാണ് ചോദ്യം ഉന്നയിച്ചത്.ഫലസ്തീൻ ഐക്യദാർഡ്യറാലി നടത്തിയത് വിലക്കിയ കെ.പി.സി.സി നേതൃത്വം പരിപാടി നടത്തിയാൽ അച്ചടക്കനടപടി എടുക്കാൻ നിർബന്ധിതമാകുമെന്ന് കാണിച്ച് ഷൗക്കത്തിന് കഴിഞ്ഞ രാത്രി കത്ത് നൽകിയിരുന്നു.
ആശുപത്രികളും അഭയാർത്ഥി കേന്ദ്രങ്ങളിലും ബോംബിട്ട് സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുന്നതിനെതിരെ ലോകത്തെ ജനാധിപത്യവിശ്വാസികളെല്ലാം പ്രതിഷേധിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടൊപ്പം ഫലസ്തീനിലെ വിമോചന സമരത്തെയും പിന്തുണച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. 1938ൽ സുഭാഷ് ചന്ദ്രബോസ് എ.ഐ.സി.സി പ്രസിഡന്റായപ്പോൾ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ പലസ്തീനിന്റെ വിമോചന പോരാട്ടത്തെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. ജൂതൻമാർക്ക് വേണ്ടി ഇസ്രയേൽ എന്ന രാജ്യം സൃഷ്ടിച്ചപ്പോൾ നിങ്ങൾ നരകത്തിലേക്കുള്ള വാതിൽ തുറക്കുകയാണെന്ന് വിളിച്ച് പറഞ്ഞത് കോൺഗ്രസാണ്.
അന്നും ഇന്നും ഫലസ്തീനൊപ്പമാണെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും പിന്നെ എന്തുകൊണ്ടാണ് ആര്യാടൻ ഫൗണ്ടേഷന്റെ റാലി വിലക്കിയതെന്നറിയിച്ചെന്നും ഷൗക്കത്ത് വ്യക്തമാക്കി.
നേരത്തെ ആര്യാടൻ ഫൗണ്ടേഷൻ വിഭാഗീയ പ്രവർത്തന നടത്തിയതിന് താക്കീത് നൽകിയിട്ടുണ്ടെന്ന പരാമർശവും ശരിയല്ല. മൗലാന അബുൽകലാം ആസാദ് കോൺഗ്രസ് പ്രസിഡന്റായതിന്റെ 100-ാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി ആസാദിന്റെ ലോകമെന്ന ചരിത്ര സെമിനാറാണ് ആദ്യമായി ഫൗണ്ടേഷൻ മലപ്പുറത്ത് നടത്തിയത്. മലപ്പുറം ഡി.സി.സിയോടൊപ്പം ആര്യാടൻ മുഹമ്മദ് അനുസ്മരണവും മികച്ച നിയമസഭാസാമാജികന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്യാടൻ പുരസ്‌ക്കാരം നൽകലുമായിരുന്നു രണ്ടാമത്തെ പരിപാടി. സെമിനാറിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസനും എം.പിമാരടക്കമുള്ള കോൺഗ്രസ് നേതാക്കളും അവാർഡ് ദാനത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കളുമാണ് പങ്കെടുത്തത്. നേതൃത്വത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടായിരിക്കും ഇത്തരത്തിൽ നോട്ടീസ് നൽകിയതെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കി കെ.പി.സി.സിക്ക്് വിശദമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ എം.പി സി.ഹരിദാസ് ആധ്യക്ഷം വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, ഡോ. ഹുസൈൻ മടവൂർ, ആര്യാടൻ ഷൗക്കത്ത്, ആർ.എസ് പണിക്കർ അടക്കമുള്ള നേതാക്കൾ പലസ്തീനിൽ സമാധാനം പുലരാനായി പ്രാവിനെ പറത്തിയാണ് ജനസദസ് ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് പലസ്തീൻ ഐക്യദാർഡ്യ പ്രതിജ്ഞചൊല്ലിക്കൊടുത്തു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, ജനറൽ സെക്രട്ടറിമാരായ വി.സുധാകരൻ, പി.രാധാകൃഷ്ണൻ, ഉമ്മർകുരിക്കൾ, അഡ്വ. കെ.എ പത്മകുമാർ, പന്ത്രോളി മുഹമ്മദാലി, ടി.പി മുഹമ്മദ്, ഒ.രാജൻ, സമദ് മങ്കട, ഇഫ്തിഖാറുദ്ദീൻ, അഡ്വ. എൻ.എ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി. നിധീഷ്, പി.കെ നൗഫൽബാബു പ്രസംഗിച്ചു.