ലഖ്‌നൗ- ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. ഉത്തര്‍പ്രദേശില്‍ ബന്ദ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പൊടി മില്ല് വൃത്തിയാക്കാനാണ് 40 കാരി രാജ്കുമാര്‍ ശുക്ല എന്നയാളുടെ വീട്ടിലെത്തിയതെന്ന് ഗിര്‍വാന്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്ദീപ് തിവാരി പറഞ്ഞു.
അമ്മയെ കാണാത്തതിനെ തുടര്‍ന്ന് 20 വയസ്സായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്ന മുറിയില്‍ നിന്ന് അമ്മയുടെ നിലവിളിയാണ് കേട്ടത്. അല്‍പ സമയത്തിന് ശേഷം മുറിയുടെ വാതില്‍ തുറന്നപ്പോള്‍, അമ്മയുടെ വികൃതമാക്കിയ മൃതദേഹത്തിന്റെ ദാരുണ ദൃശ്യമാണ് കണ്ടത്. മകളാണ് പോലീസിനെ അറിയിച്ചത്. രാജ്കുമാര്‍, സഹോദരന്‍ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതികള്‍ ഒളിവിലാണെന്നും കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിമര്‍ശിച്ചു.
ബന്ദയില്‍ ഒരു ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത് ഹീനമായി കൊലപ്പെടുത്തിയ വാര്‍ത്ത ഹൃദയഭേദകമാണ്. ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ ഭയത്തിലും ദേഷ്യത്തിലുമാണ്. ഐഐടി-ബിഎച്ച്‌യുവിലെ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ ശേഷം വസ്ത്രം ഉരിഞ്ഞ് ചിത്രീകരിച്ച മറ്റൊരു സംഭവവും അദ്ദേഹം എക്‌സ് പ്ലാറ്റ് ഫോമില്‍ മര്‍ശിച്ചു.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയാണ് ഈ സംഭവം കാണിക്കുന്നതെന്നും ബിജെപിയുടെ തെറ്റായ അവകാശവാദങ്ങളാണ് തുറന്നുകാണിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഎച്ച്‌യുവിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോയും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചു. ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ക്ക് ബിജെപി സര്‍ക്കാരിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സര്‍ക്കാരില്‍നിന്ന് ഇനിയെന്തെങ്കിലും പ്രതീക്ഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും യാദവ് പറഞ്ഞു.