ഗാസ- ഗാസയിലേക്ക് ഇസ്രായിൽ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ പശ്ചാതലത്തിൽ ലെബനോണിലെ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസ്‌റുല്ലയുടെ പ്രസംഗം തുടങ്ങി. യുദ്ധം രൂക്ഷമായ ശേഷം ഇതാദ്യമായാണ് ഹസൻ നസ്‌റുല്ല പ്രസംഗിക്കുന്നത്. ഇസ്രായിൽ-ലെബനോൺ അതിർത്തിയിൽ വൻ സംഘർഷമാണ് നിലവിൽ നടക്കുന്നത്. ഇസ്രായിലിലേക്ക് ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തുന്നുണ്ട്. ഇസ്രായിലിലെ 19 സ്ഥലങ്ങൾ ഇന്നലെ രാത്രി ഒറ്റയടിക്ക് ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചതായും ഇസ്രായിൽ അറിയിച്ചു. ഹിസ്ബുള്ളയുടെ നാലു പേരെ കൊന്നതായി സൈന്യം അവകാശപ്പെട്ടു.
അതിനിടെ, ഇസ്രായിലിൽ വർക്ക് പെർമിറ്റുള്ള ആയിരകണക്കിന് ഗാസക്കാരെ ഇന്ന് ഇസ്രായിലിൽനിന്ന് തിരിച്ചതായി ഗാസ ക്രോസിംഗ് അതോറിറ്റി മേധാവി ഹിഷാം അദ്‌വാൻ എ.എഫ്.പിയോട് പറഞ്ഞു. ആളുകൾ തെക്കൻ ഗാസയിലെ കരേം അബു സലേം ക്രോസിംഗിലൂടെ കടന്നുപോകുന്നതായി കാണിക്കുന്ന ഫൂട്ടേജുകൾ പുറത്തുവന്നു. സാധാരണയായി ചരക്കുകൾ പോകാൻ മാത്രമാണ് ഈ അതിർത്തി ഉപയോഗിക്കുന്നത്. യുദ്ധത്തിന് മുമ്പ്, 18,500 ഗാസക്കാർക്ക് ഇസ്രായേലി വർക്ക് പെർമിറ്റ് ഉണ്ടായിരുന്നുവെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നീക്കത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. അവരെ തിരിച്ചയയ്ക്കുകയാണ്, കൃത്യമായി എവിടെക്കാണെന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് പോകാൻ ഒരു വീട് പോലുമുണ്ടോ എന്നും ഓഫീസ് ചോദിച്ചു.