Sorry, you need to enable JavaScript to visit this website.

അണ്ടർ-16 ചാമ്പ്യൻഷിപ്പിൽ യെമനെയും ഇന്ത്യ കീഴടക്കി

അമ്മാൻ - ജോർദാനിൽ നടക്കുന്ന വെസ്റ്റേഷ്യൻ അണ്ടർ-16 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മറുപടിയില്ലാത്ത മൂന്നു ഗോളിന് യെമനെ കീഴടക്കി. ഇതോടെ മൂന്നു ജയവും ഒരു തോൽവിയുമായി ഇന്ത്യ ടൂർണമെന്റ് പൂർത്തിയാക്കി. ജപ്പാനോടാണ് ഇന്ത്യ 1-2 ന് തോറ്റത്. യെമനു പുറമെ ജോർദാനെ 4-0 നും ഇറാഖിനെ 1-0 നും കീഴടക്കി. 
ഹർപ്രീത് സിംഗും റിഡ്‌ഗെ ഡെമല്ലോയും രോഹിത് ദാനുവുമാണ് ഇന്ത്യയുടെ ഗോളടിച്ചത്. അവസാന വേളയിൽ യെമൻ ഗോൾ മടക്കാൻ എല്ലാ ശ്രമവും നടത്തിയപ്പോൾ ഇന്ത്യൻ ഗോൾകീപ്പർ നീരജ്കുമാർ നിരവധി സെയ്‌വുകൾ നടത്തി. 
മുപ്പത്തേഴാം മിനിറ്റിൽ കോർണറിൽ നിന്നായിരുന്നു സെൻട്രൽ ഡിഫന്റർ ഹർപ്രീതിന്റെ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടു മിനിറ്റിനിടെ റിഡ്‌ഗെയും രോഹിതും വല ചലിപ്പിച്ചു. നാൽപത്തേഴാം മിനിറ്റിൽ ഹെഡറിലൂടെയാണ് റിഡ്‌ഗെ യെമൻ ഗോളിയെ കീഴടക്കിയത്. ഒരു മിനിറ്റിനു ശേഷം രോഹിത് ഗോളിയുടെ തലക്കു മുകളിലൂടെ പന്ത് വലയിലേക്കുയർത്തി. 
ടൂർണമെന്റിൽ ഇന്ത്യയുടെ പ്രകടനത്തെ കോച്ച് ബിബിയാനൊ ഫെർണാണ്ടസ് പ്രശംസിച്ചു. ജപ്പാനെതിരെ പോലും ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോറ്റത്. 
ഇന്ത്യൻ ടീം മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനൊരുങ്ങുകയാണ്. ഇറാനും വിയറ്റ്‌നാമും ഇന്തോനേഷ്യയുമടങ്ങുന്ന ഗ്രൂപ്പ് സി-യിലാണ് ഇന്ത്യ. 

 

Latest News