കോഴിക്കോട് - ഫലസ്തീൻ വിഷയത്തിൽ വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും അന്തിമ തീരുമാനം പാർട്ടിയുടേതാവുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പട്ടി പ്രയോഗത്തിനൊന്നും മറുപടി പറയാനില്ല. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റാണെന്നും തന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വ്യക്തിപരമായി തോന്നിയ തന്റെ പ്രാഥമിക കാഴ്ചപ്പാടാണ് പറഞ്ഞത്. നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത്. അതിനെ പൊളിറ്റിക്കൽ ആക്കേണ്ട കാര്യമില്ല. ഫലസ്തീൻ വിഷയത്തിൽ ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. സി.പി.എമ്മിനൊപ്പം നിൽക്കുക, കോൺഗ്രസിൽ നിന്ന് മാറുക എന്നൊന്നും ആരും അതിന് വ്യാഖ്യാനം നൽകേണ്ടതില്ല. പാർട്ടി ഒരു അഭിപ്രായം പറഞ്ഞാൽ അതിനൊപ്പം നിൽക്കും. റാലി വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വം എടുക്കുമെന്നും പാർട്ടി ഒരു അഭിപ്രായം പറഞ്ഞാൽ അതിനൊപ്പം നിൽക്കുക തന്നെ ചെയ്യുമെന്നും ഇ.ടി വ്യക്തമാക്കി. അതേസമയം, സി.പി.എം കോഴിക്കോട്ട് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തീരുമാനമുണ്ടാകുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ലീഗ് ഹൗസിൽ വിഷയത്തിൽ കൂടിയാലോചന നടത്തി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.