Sorry, you need to enable JavaScript to visit this website.

'എത്തിക്‌സ് കമ്മിറ്റിയിലുണ്ടായത് വസ്ത്രാക്ഷേപം'; സ്പീക്കർക്ക് പരാതിയുമായി മഹുവ മൊയ്ത്ര എം.പി

ന്യൂഡൽഹി - പാർല്ലമെന്റിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ ഹിയറിംഗിനെതിരെ ലോകസഭാ സ്പീക്കർക്ക് പരാതിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം.പി. വാദത്തിനിടെ എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ്കുമാർ സോങ്കർ നീചവും അധാർമികവും മുൻവിധിയോട് കൂടിയതുമായ പെരുമാറ്റം നടത്തിയെന്ന് മഹുവ കത്തിൽ കുറ്റപ്പെടുത്തി.
 ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് എഴുതിയ കത്തിൽ തനിക്കെതിരേയുള്ള എത്തിക്‌സ് കമ്മിറ്റി യോഗത്തെ വസ്ത്രാക്ഷേപമാണെന്ന് അവർ വിമർശിച്ചു. ചോദ്യങ്ങൾ വളരെ വില കുറഞ്ഞതും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാമായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഇടപെടൽ. ലോക്‌സഭയിലെ 78 വനിതാ അംഗങ്ങളിൽ ഒരാളെന്ന നിലയിൽ, എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൻ വാദം കേൾക്കലിന്റെ പേരിൽ വസ്ത്രാക്ഷേപത്തിന് വിധേയമാക്കുന്നത് എത്ര ലജ്ജാകരമാണെന്ന് അവർ ചോദിച്ചു. 
 വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം, എന്നെ അപകീർത്തികരമായ രീതിയിൽ ചോദ്യം ചെയ്തുകൊണ്ട് ചെയർമാൻ മുൻവിധിയോട് കൂടിയ പക്ഷപാതമാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ ലജ്ജാകരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് അവിടെയുണ്ടായിരുന്ന 11 അംഗങ്ങളിൽ അഞ്ചു പേരും ഇറങ്ങിപ്പോവുകയും നടപടികൾ ബഹിഷ്‌കരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് ധാർമികത അവശേഷിക്കുന്നില്ല എന്നതിനാൽ സദാചാര സമിതി എന്ന പേര് മാറ്റി നിയോഗിക്കണമെന്നും മഹുവ മൊയ്ത്ര കത്തിൽ ആവശ്യപ്പെട്ടു.


 

Latest News