കണ്ണൂർ- കണ്ണൂർ വിമാനത്താവളം കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി ഇവിടെ നിന്നും സർവീസ് നടത്താൻ സന്നദ്ധമായ വിമാനകമ്പനികളുമായി കിയാൽ സംഘം ചർച്ച നടത്തും. അടുത്തയാഴ്ച തിരുവനന്തപുരത്തു വെച്ചാണ് ചർച്ച. ആഭ്യന്തര - വിദേശ സർവീസുകൾ സംബന്ധിച്ചാണ് ചർച്ചയെന്നാണ് കിയാൽ അധികൃതർ നൽകുന്ന സൂചന.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നതിനായി നേരത്തെ താൽപ്പര്യം അറിയിക്കുകയും ഇവിടെ ഇതിനുള്ള സൗകര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്ത ഇൻഡിഗോ, ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഗോ എയർ കമ്പനി പ്രതിനിധികളുമായാണ് ഉന്നത തല സംഘം ചർച്ച നടത്തുക. ഇതിനു പുറമെ, വിസ്താര എയർ ലൈൻസ്, മലേഷ്യൻ എയർ ലൈൻസ്, അടുത്തിടെ രൂപീകൃതമായ എയർ ഏഷ്യാ കമ്പനി പ്രതിനിധികളുമായും ചർച്ച നടത്തും. വിമാനകമ്പനികളുടെ സമയക്രമീകരണ പട്ടിക ഒക്‌ടോബറിലാണ് നിലവിൽ വരുന്നത്. അതിനു മുമ്പായി കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാവും. അതിനാൽ ഈ പട്ടികയിൽ ഇടം നേടുക കൂടിയാണ് ചർച്ചയുടെ ലക്ഷ്യം.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തുടക്കത്തിൽ തന്നെ വിദേശ സർവീസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ മലയാളി യാത്രക്കാരുള്ള ഗൾഫ്, സിംഗപൂർ സെക്ടറുകളിലേക്കു സർവീസ് അനുവദിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഇതിനു ഔദ്യോഗികമായി അനുമതി ലഭിക്കണമെങ്കിൽ കാലിബറേഷൻ പറക്കൽ, വ്യോമയാന ഡയറക്ടറുടെ സന്ദർശനം എന്നിവ പൂർത്തിയാക്കണം. റൺവേയിൽ ഘടിപ്പിച്ച ഐ.എൽ.എസിന്റെ പ്രവർത്തന ക്ഷമത, കാലിബറേഷൻ വിമാനം പറത്തി പരിശോധിക്കണം. ഈ പ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയാണ് ഈ പരിശോധനക്കു തടസ്സമാവുന്നത്. മഴ മാറിക്കഴിഞ്ഞാലുടൻ ഈ പരിശോധന നടക്കും. ഇതിനു ശേഷമാവും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭിക്കുക. ഇതിനു മുന്നോടിയായുള്ള മറ്റ് എല്ലാ പറിശോധനകളും വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. വിമാനത്താവളത്തിന്റെ അവസാന മിനുക്കു പണിയാണ് ഇപ്പോൾ നടന്നു വരുന്നത്.
ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന രംഗത്തെ വളർച്ചാ നിരക്ക് ഓരോ വർഷവും വർദ്ധിച്ചു വരുന്നതിനാൽ ആഭ്യന്തര സർവീസുകളുടെ കാര്യത്തിലും ഗൗരവമായ പരിഗണന കണ്ണൂർ വിമാനത്താവളം നൽകുന്നുണ്ട്. ഉഡാൻ സർവീസുകൾ വിമാനത്താവള വളർച്ചക്കു സഹായകരമെല്ലെന്നു വിലയിരുത്തിയതിനാൽ ഇത് വേണ്ടെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുഭാവ പൂർവം പരിഗണിച്ചിട്ടുണ്ട്.
മറ്റ് എയർലൈൻസുകളുടെ ആഭ്യന്തര സർവീസുകളും ഇന്ത്യൻ വിമാനകമ്പനികളുടെ വിദേശ സർവീസുകളുടെ എണ്ണവും വർദ്ധിപ്പിക്കാനാവും തുടക്കത്തിൽ ശ്രമിക്കുക. ആഭ്യന്തര സർവീസുകൾ തന്നെ വിദേശ എയർലൈൻസുകളുടെ കണക്ഷൻ സർവീസുകളായും ഉപയോഗിക്കാനാവും.