Sorry, you need to enable JavaScript to visit this website.

ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്; ചോദ്യവുമായി നടി ജോളി ചിറയത്ത്

കോഴിക്കോട്-കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ സ്ത്രീസാന്നിദ്ധ്യം പേരിനുമാത്രമായിപ്പോയെന്ന് നടി ജോളി ചിറയത്ത്.
സ്ത്രീ സാന്നിദ്ധ്യം ചിത്രത്തിലുണ്ടെങ്കിലും ഒരു ഫ്രെയിമില്‍ ഉള്‍ക്കൊളളാന്‍ പോലും കഴിയാത്തത്ര അറ്റത്താണ് അവരുളളതെന്ന് ജോളി ചിറയത്ത് പറഞ്ഞു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍പ്പോലും ഇങ്ങനെയാവുക എന്ന് പറയുമ്പോള്‍ ആരെയാണ് നമുക്കിനി വിമര്‍ശിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. 'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടാണോ കേരളം പിറന്നത്' എന്നും  
നടി ചോദിച്ചു.
'കാലം ഇത്രയും പുരോഗമിച്ചു. നമ്മള്‍ ജെന്‍ഡര്‍ ന്യൂട്രലാവുന്നു. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ടുപോകുന്നതായാണ് കാണുന്നത്. ഇത്തരം കാര്യങ്ങളിലെല്ലാം നാം നേരത്തെ മതസംഘടനകളെയായിരുന്നു വിമര്‍ശിച്ചിരുന്നത്. അവരുടെ വേദികളില്‍ സ്ത്രീകളില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ കാണുന്നതും അതുതന്നെയാണ്. എത്ര അശ്ലീലമാണ് ആ ചിത്രങ്ങള്‍. മതസംഘടനകള്‍ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകള്‍ ചെയ്യേണ്ടത്. 33 ശതമാനം സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സമയമാണിത്. അത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഇത്തരമൊരു ചിത്രം കാണുമ്പോള്‍ നാണക്കേട് തോന്നും. അത് പറയാതെ വയ്യ' ജോളി ചിറയത്ത് പറഞ്ഞു.
ഉദ്ഘാടനവേദിയില്‍ മന്ത്രിമാരായ ആര്‍ ബിന്ദുവും വീണാ ജോര്‍ജ്ജും നടിയും നര്‍ത്തകിയുമായ ശോഭനയും ഉണ്ടായിരുന്നുവെങ്കിലും പുരുഷപക്ഷത്തിനായിരുന്നു മുന്‍തൂക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ ജോഷി അഗസ്റ്റിന്‍, ആന്റണി രാജു, എ കെ ശശീന്ദ്രന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി തുടങ്ങിയവരാണ് ഉദ്ഘാടന വേദിയില്‍ മുന്‍നിരയിലുണ്ടായിരുന്നത്.

 

 

Latest News