Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് സംഘം വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ വിശദാന്വേഷണം

കണ്ണൂർ- ആറളത്ത് മാവോയിസ്റ്റ് സംഘം വനപാലകർക്ക് നേർക്ക് വെടിയുതിർത്ത സംഭവത്തിൽ വിശദാന്വേഷണത്തിനായി ഉന്നത വനം വകുപ്പ് മേധാവികൾ സ്ഥലത്തെത്തി. സംഭവത്തിൽ സംസ്ഥാന വനം ചീഫ് കൺസർവേറ്റർ റിപ്പോർട്ട് തേടിയതിന്റെ അടിസ്ഥാനത്തിലാണിത്. 
ആറളം വന്യജീവി സങ്കേതത്തിലെ അമ്പലപ്പാറ വനം സ്‌റ്റേഷനടുത്ത് വെച്ചാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ വെടിയുതിർത്ത സംഭവമുണ്ടായത്. ക്യാമ്പ് ഷെഡിലേക്ക് പോകുന്നതിനിടെ മൂന്ന് താൽക്കാലിക വനം വാച്ചർമാർക്ക് നേരെ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേർ ഏഴ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസിസ്റ്റന്റ് വാർഡൻ പി. പ്രസാദ്, നരിക്കടവ് ഫോസറ്റ് സ്‌റ്റേഷൻ ഓഫീസർ പ്രദീപൻ കാരായി എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് അമ്പലപ്പാറയിലെത്തിയത്.
വയനാട് വഴി കാൽനടയായാണ് ആറളത്തെ അമ്പലപ്പാറയിലേക്ക് എത്തിയത്. ഈ പരിസരങ്ങളിൽ രണ്ട് ദിവസങ്ങളായി തണ്ടർബോൾട്ട് സേനയും തെരച്ചിൽ തുടരുകയാണ്.
കർണാടകത്തിൽ നിന്നുള്ള ആന്റി നക്‌സൽ ഫോഴ്‌സ്, തമിഴ്‌നാട്ടിലെ ക്യു ബറ്റാലിയൻ വിഭാഗങ്ങളും കേരളത്തിന്റെ ആന്റി ടെററിസ്റ്റ് ഗ്രൂപ്പ്, സ്‌പെഷ്യൽ ഓപറേഷൻ ടീം വിഭാഗങ്ങളിൽ പെട്ട സുരക്ഷാ ഉദ്യോഗസ്ഥരും അമ്പലപ്പാറയിലെത്തിയ സംഘത്തിലുണ്ട്.
ആറളത്ത് വനപാലകർക്ക് നേരെ നടന്ന വെടിവെപ്പ്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനകളും അധികൃതരും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സർക്കാർ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വന സംരക്ഷണ സേനകളും നക്‌സൽ വിരുദ്ധ സേനാവിഭാഗങ്ങളും കേരള വനംവകുപ്പുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് കേരള സി.സി.എഫ് ഉന്നത വനപാലക സംഘത്തെ സംഭവം നടന്ന സ്ഥലത്തേക്ക് വസ്തുതാന്വേഷണത്തിനായി അയച്ചത്. അമ്പലപ്പാറയിലെ വനം വകുപ്പിന്റെ താൽക്കാലിക വാച്ചർമാരായ എബിൻ (26), സിജോ (28), ബോബസ് (25) എന്നിവർക്ക് നേർക്കായിരുന്നു ചാവച്ചിയിലെ ക്യാമ്പ് ഷെഡിനടുത്ത കുടകൻ പുഴയോരത്ത് വെച്ചാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. 
സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ മാവോയിസ്റ്റ് സംഘം രാമച്ചിയിലെ ഒരു വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു മടങ്ങിയിരുന്നു. ഈ സംഘ ത്തിൽ സോമൻ, മനോജ്, രവി സന്തോഷ് എന്നിവർ ഉൾപ്പെട്ടതായി മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് തെരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംഘമാകണം വെടിയുതിർത്തതെന്ന നിഗമനത്തിലാണ് പോലീസ്. 

Latest News