ന്യൂദല്‍ഹി - മരുന്നുകളുടെയും മെഡിക്കല്‍ ഉല്‍പന്നങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും പ്രോത്സാഹിപ്പിക്കുകയും നല്ല ഉല്‍പാദന രീതികള്‍, നിയന്ത്രണം, ഫാര്‍മസ്യൂട്ടിക്കല്‍ നിയമനിര്‍മാണം എന്നീ മേഖലകളില്‍ അനുഭവ സമ്പത്ത് പരസ്പരം കൈമാറുകയും ചെയ്യുന്ന കാര്യത്തില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം അല്‍ജദ്ഇയും ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ രാജീവ് സിംഗ് രഘുവംഷിയും ചര്‍ച്ച നടത്തി. ദല്‍ഹിയില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്തു വെച്ചാണ് ഇരുവരും കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയത്.
നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ഇന്ത്യയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഡോ. ഹിശാം അല്‍ജദ്ഇ പറഞ്ഞു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നല്‍കുന്ന ഒരുകൂട്ടം സംരംഭങ്ങളിലൂടെ സൗദി വിപണിയില്‍ പ്രവേശിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ പിന്തുണക്കുമെന്നും ഡോ. ഹിശാം അല്‍ജദ്ഇ പറഞ്ഞു.