അബുദാബി- വിദേശ പൗരന്മാര്ക്കും ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാര്‍ക്കുമായി ഈജിപ്തിലെ റഫ ക്രോസിംഗ് തുറന്നതോടെ, ചികിത്സക്കായി ആയിരം ഫലസ്തീന് കുട്ടികളെ യു.എ.ഇയിലേക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇതിന് അടിയന്തര നിര്‍ദേശം നല്കി.
വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) പ്രസിഡന്റ് മിര്‍ജാന സ്പോള്‍ജാറിക്കും തമ്മില്‍ നടത്തിയ ഫോണ്‍ കോളിലാണ് ഇക്കാര്യം അറിയിച്ചത്.
യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പില്‍നിന്നുള്ള കുട്ടികള്‍ക്ക് ആതിഥ്യമരുളാനും അവര്‍ക്ക് വൈദ്യചികിത്സ നല്‍കാനുമുള്ള സംരംഭം, ഫലസ്തീന് ജനതക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ആശ്വാസം നല്‍കാനുള്ള യുഎഇയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ വിപുലീകരണമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.