Sorry, you need to enable JavaScript to visit this website.

അഗ്നിവേശും തരൂരും  പറയേണ്ടത് പറയും 

അഗ്‌നിവേശ് സംഘപരിവാര ശക്തികളാൽ അക്രമിക്കപ്പെട്ടതിൽ ഒരതിശയവുമില്ലെന്നും, സ്വാമി വിവേകാനന്ദൻ ഇന്ന്  ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹവും ഇതിലപ്പുറം അക്രമിക്കപ്പെടുമെന്നാണ് ശശി തരൂരിന്റെ രൂക്ഷമായ പരിവാർ വിരുദ്ധ വാക്ശരം. തരൂരിന്റെ പ്രസംഗം അൽപ നിമിഷങ്ങൾക്കകം ദേശീയ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു.

 

വലിയ ശബ്ദഘോഷങ്ങളില്ലാതെയും ശ്രദ്ധേയ  രാഷ്ട്രീയ ചലനങ്ങൾ സംഭവിക്കും. മന്ദമാരുതനായി വന്ന് കൊടുങ്കാറ്റാവുക എന്നതൊക്കെ ഇത്തരം നീക്കങ്ങളുടെ പറഞ്ഞുതേഞ്ഞുപോയ ഉപമ. അതുപോലെയൊന്നാണ് ഞായറാഴ്ച വൈകുന്നേരം   തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അത്രയൊന്നും വലുതല്ലാത്ത ടി.എൻ.ജി ഹാളിൽ നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ തലക്കെട്ട് സമകാല ഇന്ത്യയുടെ  അവസ്ഥയെ പ്രതിനിധീകരിച്ചു- അക്രമവും അസഹ്ഷ്ണുതയും സമകാലിക ഇന്ത്യയിൽ. പരിപാടിയിലെ മുഖ്യ പ്രസംഗകർ സ്വാമി അഗ്‌നിവേശും ശശി തരൂരും. അടുത്ത കാലത്ത് എതിർശക്തികളുടെ ക്രൂരമായ  കായിക അക്രമത്തിന് വിധേയനായയാളാണ്  79 കാരനായ അഗ്നിവേശ്. കഴിഞ്ഞ മാസമായിരുന്നു ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ  അക്രമം. അടി കൊണ്ട് വീണു കിടക്കുന്ന കാഷായ വസ്ത്രധാരിയായ സ്വാമിയുടെ ചിത്രം ആരേയും വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖരുടെ അറിവോടെയാണ് താൻ ഇപ്രകാരം അക്രമിക്കപ്പെട്ടതെന്ന് അഗ്‌നിവേശ് വേദിയിൽ  തുന്നടിച്ചപ്പോൾ രാത്രിക്ക്, രാത്രി തന്നെ അത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായത് സ്വാഭാവികം. ചെറിയൊരു ചടങ്ങ് ഈ വിധം ദേശീയ ശ്രദ്ധനേടാൻ കാരണമായത് വേദിയിലെ മറ്റൊരു വിശ്വപൗരന്റെ  സാന്നിധ്യവും ഇടപെടലുമായിരുന്നു. ശശി തരൂർ എം.പി യായിരുന്നു ചടങ്ങിലെ മുഖ്യ പ്രഭാഷകൻ. കെ.പി.സി.സി പ്രസിഡന്റ്  എം.എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ വേദിയിലുണ്ടായിരുന്നു.  അഗ്‌നിവേശ് സംഘ പരിവാര ശക്തികളാൽ അക്രമിക്കപ്പെട്ടതിൽ ഒരതിശയവുമില്ലെന്നും സ്വാമി വിവേകാനന്ദൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹവും ഇതിലപ്പുറം അക്രമിക്കപ്പെടുമായിരുന്നുവെന്നുമായിരുന്നു ശശി തരൂരിന്റെ രൂക്ഷമായ പരിവാർ വിരുദ്ധ വാക്ശരം. തരൂരിന്റെ പ്രസംഗം അൽപ്പ നിമിഷങ്ങൾക്കകം ദേശീയ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു.  പത്തൊമ്പതാം നൂറ്റാണ്ടിൽ  ഇന്ത്യയുടെ ആത്മീയതയും തത്വശാസ്ത്രവും  പാശ്ചാത്യ സമുഹത്തിലെത്തിച്ച മഹാനായ സ്വാമി വിവേകാനന്ദനെയും ഇക്കാലത്താണെങ്കിൽ അഗ്‌നിവേശിനെ അക്രമിച്ചവർ വെറുതെ വിടില്ലായിരുന്നുവെന്ന്  വേദിയിൽ തരൂർ സമർഥിച്ചു. തരൂരിന്റെ വാക്കുകൾ ഇങ്ങിനെ  
'' എനിക്കുറപ്പാണ് സ്വാമി വിവേകാനന്ദൻ ഇന്നത്തെ ഇന്ത്യയിൽ വന്നാൽ , ഈ ഗുണ്ടകൾ അദ്ദേഹത്തെയും അക്രമിക്കുമായിരുന്നു. അവർ അദ്ദേഹത്തിന്റെ മുഖത്ത് എഞ്ചിൻ ഓയിൽ ഒഴിച്ച് നിലത്ത് വലിച്ചിഴക്കുമായിരുന്നു. കാരണം  മനുഷ്യരെ ബഹുമാനിക്കണമെന്ന വിവേകാനന്ദന്റെ വാക്കുകൾ അവർക്ക് ഇഷ്ട്ടപ്പെടുമായിരുന്നില്ല എന്നതു തന്നെ.  മനുഷ്യത്വമാണ് പ്രധാനമെന്ന വിവേകാനന്ദന്റെ സ്ഥായിയായ നിലപാട്  അവരെ വിറളി പിടിപ്പിക്കുമായിരുന്നു. ''
എഴുപതുകളുടെ ആരംഭം തൊട്ട് ആക്ടീവിസ്റ്റായ വ്യക്തിയാണ് സ്വാമി അഗ്നിവേശ്. തന്റെ കാഷയവും സന്ന്യാസവുമാണ് വർഗീയ ശക്തികളെ ഏറെ വിറളിപിടിപ്പിക്കുന്നതെന്ന്  അഗ്നിവേശിനറിയാം. ജാതി വ്യവസ്ഥ, വർഗീയത തുടങ്ങിയ ഇടുങ്ങിയ ചിന്തകളിൽ നിന്നെല്ലാം മോചിതനായ വ്യക്തി എന്നാണ് അഗ്നിവേശ് സ്വയം പരിചയപ്പെടുത്തുന്നത്.  മനുഷ്യനാകാനാണ് വേദങ്ങൾ പഠിപ്പിക്കുന്നത്-അഗ്നിവേശ് കിട്ടുന്ന വേദികളിലെല്ലാം സംഘ് പരിവാർ എതിരാളികളോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ജയപ്രകാശ് നാരായണൻ മുതൽ എല്ലാ നേതാക്കളെയും പരീക്ഷിച്ചിട്ടുണ്ട് അഗ്നിവേശ്. പൂർവാശ്രമത്തിലെ പേര് വേപശ്യംകുമാർ റാവു (വി.എസ്.കെ.റാവു) എന്നായിരുന്നു. ഉയർന്ന ബ്രാഹ്മണകുടുംബാംഗം. കൊൽക്കത്ത സെയ്ന്റ് സേവ്യേഴ്‌സ് കോളേജിൽ മാനേജ്‌മെന്റ് പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനായിരിക്കെയായിരുന്നു മാറ്റം. 
മോഡി സർക്കാരിനും സംഘ് പരിവാറിനുമെതിരെ പോരാടാനുറച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് തിരുവനന്തപുരത്തെ വേദിയിലും അഗ്നിവേശ് ആവർത്തിച്ചു. പോരാട്ടത്തിൽ ജയിക്കുമെന് തന്നെയാണ് ഉറച്ച വിശ്വാസം. 2014 ൽ ഹിന്ദുക്കളുടെ ഏകരക്ഷകൻ എന്ന പ്രതിച്ഛായയായിരുന്നു മോഡിക്ക്. 2019ൽ അതുണ്ടാകില്ലെന്ന് സമർഥിക്കുകയാണ് സ്വാമി അഗ്നിവേശ്. 100-150 സീറ്റിനപ്പുറമില്ല.  
ഇതു തന്നെയാണ് ഇന്ത്യയിലെ കിട്ടാവുന്ന വേദികളിലെല്ലാം ശശി തരൂരും പറഞ്ഞു കൊണ്ടേയിരിക്കുന്നത്. തരൂരിന്റെ വാക് പോരാട്ടത്തിന് പാർല്ലമമെന്റെന്നോ തിരുവനന്തപുരത്തെ ഏതെങ്കിലും ചെറിയ പൊതു യോഗമെന്നോ വ്യത്യാസമില്ല. കാര്യ കാരണ സഹിതം തരൂർ പരിവാറിനെതിരെ തർക്കിക്കും. 
ഇന്നലെ കേട്ട തരൂർ വാക്കുൾ  ;
ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടക്ക് ഇന്ത്യയിൽ 2,920 വർഗീയ കലാപങ്ങളുണ്ടായി. പശുവുമായി ബന്ധപ്പെട്ട 70 അക്രമങ്ങൾ. ഇതൊക്കെയല്ലാതെ ഒരു നേട്ടവും മോഡി ഇന്ത്യക്കായി  കൊണ്ടു വന്നില്ല.
2019ൽ ബി.ജെ.പി ജയിച്ചാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകും എന്ന പ്രകോപനപരമായ പ്രസംഗത്തിന് ശേഷവും തരൂർ തുടരുകയാണ്- താനും  ഒരു ഹിന്ദുവാണ് എന്ന പ്രഖ്യാപനത്തോടെ. കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്ത് അദ്ദേഹം പങ്കെടുക്കുന്ന ഒരോ ചെറിയ ചടങ്ങും വലിയ തോതിൽ ദേശീയ തലത്തിൽ വാർത്തയായി മാറുന്നതാണ് അനുഭവം. എല്ലാ ദേശീയ അന്തർദേശീയ മാധ്യമങ്ങളും അദ്ദേഹത്തിന്റെ പ്രസംഗം പ്രാധാന്യ പൂർവ്വം റിപ്പോർട്ട് ചെയ്യുന്നു.  തരൂരുള്ള മിക്ക ചടങ്ങുകളിലും ദേശീയ മാധ്യമങ്ങൾക്കായി പ്രത്യേക ബൈറ്റ് കൊടുക്കുന്നതാണനുഭവം. ഫലമാകട്ടെ അപ്രധാനം എന്ന് തോന്നുന്ന ചടങ്ങുപോലും അത് കഴിഞ്ഞു തീരുമ്പോഴേക്കും ദേശീയ മാധ്യമങ്ങളിൽ വന്നു നിറയുന്നു.
കോൺഗ്രസുകാർ പോലും കൊടുക്കാൻ മടിക്കുന്ന പ്രശംസ സോണിയാ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും നൽകുന്ന വ്യക്തി എന്ന പ്രത്യേകതയും ഇപ്പോൾ അഗ്നിവേശിനുണ്ട്. 
പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് മൻമോഹൻ സിങ് എന്ന് അന്നൊരിക്കൽ മറുപടി നൽകി ഇന്ത്യയുടെ സുവർണ ചരിത്രത്തിലേക്ക് നടന്നു കയറിയ സോണിയ ഗാന്ധിയെ ,ഒരു വാരികക്ക് പുതുതായി നൽകിയ അഭിമുഖത്തിൽ ഇന്ത്യക്ക് കിട്ടിയ സമ്മാനം എന്നാണ് വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നു ചോദിക്കുമ്പോൾ പറയാൻ സമയമായിട്ടില്ല എന്നേ അഗ്നിവേശ് പറയുന്നുള്ളൂ. 
ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിൽ ചെറിയ രീതിയിലെങ്കിലും  പ്രധാനപ്പെട്ടതായി മാറിയ  ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം അപ്രധാനമായി കടന്നു പോയതെന്ന് ചുരുക്കം. വേദിയിലെത്തിയ രണ്ട് പ്രമുഖരും ഇന്ത്യ ഭരിക്കുന്ന പാർട്ടിയാൽ വേട്ടയാടപ്പെടുന്നവർ. വേട്ടയുടെ ഓരോ ഘട്ടത്തിലും തോൽക്കാൻ മനസ്സില്ലെന്ന് പറയുന്നവരുമാണ് ഇരുവരും. ഏറ്റവും പുതിയ പ്രസംത്തിന്റെ പേരിലും അവർ എങ്ങിനെ അപഹസിക്കപ്പെടുന്നുവെന്ന് കാണാൻ സാമൂഹ്യ മാധ്യമങ്ങൾ മാത്രം ഒന്നു നോക്കിയാൽ മതി.  രണ്ടു പേർക്കെതിരെയും  എതിർ വിഭാഗം വെച്ചു പുലർത്തുന്ന അൽപം പോലും മാന്യമല്ലാത്ത വിരോധത്തിന്റെ ആഴം ഇവിടെ കാണാം. 

Latest News