സിയോള്‍- ഇസ്രായില്‍ ഫലസ്തീനില്‍ തുടരുന്ന യുദ്ധത്തില്‍ ഹമാസിന് പിന്തുണ നല്‍കാന്‍ വടക്കന്‍ കൊറിയ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ കിം ക്യുഹ്യുന്‍ ഈ സംഭവവികാസത്തെക്കുറിച്ച് രാജ്യത്തെ നിയമനിര്‍മ്മാതാക്കളെ അറിയിച്ചതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയ മുമ്പ് ടാങ്ക് വേധ റോക്കറ്റ് ലോഞ്ചറുകള്‍ ഹമാസിന് വിറ്റിരുന്നതായും ചാര ഏജന്‍സി അവകാശപ്പെട്ടു. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് പോരാളികള്‍ ഉത്തരകൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് സംശയമുണ്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ഈ അവകാശവാദങ്ങള്‍ നിഷേധിച്ചിരുന്നു.
ഇസ്രായില്‍ ഗാസയില്‍ നിരന്തരമായ വ്യോമാക്രമണം നടത്തുകയാണ്. ഇന്ധനക്ഷാമം കാരണം ഗാസയിലെ മൊത്തം 32 ആശുപത്രികളില്‍ 16 എണ്ണവും നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ഒക്‌ടോബര്‍ ഏഴിനുശേഷം ഏകദേശം 8,800 ഫലസ്തീനികളാണ് ഗാസ മുനമ്പില്‍ മരിച്ചത്.
ഒക്ടോബര്‍ 27 ന് ഹമാസ് നിയന്ത്രിത മേഖലയിലേക്ക് കര ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായില്‍ പ്രതിരോധ സേനയിലെ (ഐഡിഎഫ്) 16 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹമാസിന് ഉത്തരകൊറിയ നല്‍കുന്ന പിന്തുണ ഗാസയിലെ യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.