കയ്‌റോ- ഈജിപ്ത് റഫ അതിര്‍ത്തി തുറന്നതിനെത്തുടര്‍ന്ന് വിദേശ പാസ്‌പോര്‍ട്ടുള്ള ഏതാനും പേർ ഇസ്രായില്‍ യുദ്ധം തുടരുന്ന ഗാസ മുനമ്പ് വിട്ടു. ഖത്തര്‍ മധ്യസ്ഥം വഹിച്ച കരാറിന്റെ ഭാഗമായാണ് ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി ആളുകളെ ഗാസ വിടാന്‍ അനുവദിച്ചത്.
ഗാസ വിട്ടവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുമെന്നും
വരും ദിവസങ്ങളില്‍ കൂടുതല്‍ അമേരിക്കക്കാരും മറ്റ് വിദേശ പൗരന്മാരും ഗാസയില്‍ നിന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഹമാസുമായി ഈജിപ്തും ഇസ്രായിലും ഖത്തര്‍ ചര്‍ച്ച നടത്തി വരികയാണ്.
ബുധനാഴ്ച ഉച്ചയോടെ 335 വിദേശ പാസ്‌പോര്‍ട്ട് ഉടമകള്‍ ഗാസയില്‍ നിന്ന് റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് പോയതായി ഫലസ്തീന്‍ ക്രോസിംഗ് അതോറിറ്റിയുടെ വക്താവ് അബു ഉമര്‍ പറഞ്ഞു.
എഴുപത്തിയാറ് പലസ്തീന്‍ രോഗികളേയും അവരുടെ കൂട്ടിരിപ്പുകാരേയും ഈജിപ്തില്‍ ചികിത്സയ്ക്കായി ഒഴിപ്പിച്ചതായും അബു ഉമര്‍ പറഞ്ഞു.
400ലധികം വിദേശ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഈജിപ്തിലേക്ക് പോകാനാണ് പദ്ധതിയെന്ന് അതോറിറ്റി അറിയിച്ചു. ഇവരില്‍ ഏതാനും അമേരിക്കന്‍ പൗരന്മാരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞു, ജര്‍മ്മന്‍, ഫ്രഞ്ച്, ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പൗരന്മാരും ഗാസ വിട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പറഞ്ഞു. 400 അമേരിക്കക്കാരെ കുടുംബത്തോടൊപ്പം ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതായി യുഎസ് അറിയിച്ചു.
യുദ്ധാനന്തരം ഗാസയിലേക്ക് മടങ്ങാന്‍ ഇസ്രായില്‍ അനുവദിക്കില്ലെന്ന ഭയമാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ കൂട്ടത്തോടെയുള്ള വരവ് അംഗീകരിക്കില്ലെന്ന് ഈജിപ്ത് പറയുന്നത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്താന്‍ തയ്യാറെടുക്കുകയാണ്. ചര്‍ച്ചയില്‍ കൈവരിച്ച പുരോഗതിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. വരും ദിവസങ്ങളില്‍' കൂടുതല്‍ അമേരിക്കക്കാര്‍ റഫയിലൂടെ ഈജിപ്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അമേരിക്കക്കാരെ ഗാസയില്‍ നിന്ന് എത്രയും വേഗം സുരക്ഷിതമായി പുറത്തെടുക്കാന്‍ തന്റെ സര്‍ക്കാര്‍ നിരന്തര ശ്രമം തുടരുകയാണെന്ന് മിനസോട്ടയിലെ ഒരു പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.
ഇസ്രായിലിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരേയൊരു ഗാസ അതിര്‍ത്തിയാണ് റഫയ. ഗാസ വിടുന്നതിനുള്ള തീയതി നല്‍കുന്നതിന് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കന്‍ അധികൃതര്‍ ഗാസയിലെ യുഎസ് പൗരന്മാരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പരിക്കേറ്റവരേയും വിദേശികളേയും ഗാസയില്‍നിന്ന് പുറത്തെത്തിക്കാനുള്ള ചര്‍ച്ചയില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനെ യു.എസ് പ്രസിഡന്റ് അഭിനന്ദിച്ചു.