ചെന്നൈ-ചൈനീസ് സിന്തറ്റിക് നൂല്‍ അഥവാ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്. സാധാരണയായി പട്ടം പറത്താന്‍ ഉപയോഗിക്കുന്ന ഈ നൂലിന്റെ നിര്‍മ്മാണം, വില്‍പ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പട്ടം പറത്തല്‍ മത്സര സമയത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും നേരത്തോ ഈ നൂല് കൊണ്ട് മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ജീവന് ഭീഷണിയാവാതിരിക്കാനോ, അപകടം സംഭവിക്കാതിരിക്കാനോ വേണ്ടിയാണ് ഈ നൂല്‍ നിരോധിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പില്‍ എന്‍വയോണ്‍മെന്റ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഫോറസ്റ്റ് ഡിപാര്‍ട്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞത് പ്ലാസ്റ്റിക്കോ അതുപോലെ സിന്തറ്റിക് മെറ്റീരിയലോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാധാരണയായി ചൈനീസ് മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂല്‍ കാരണം നിരവധി മനുഷ്യര്‍ക്കും പക്ഷികള്‍ക്കും പരിക്കേല്‍ക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ്.
ഈ പരിക്കുകള്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും പക്ഷികളുടേയും മരണത്തിലേക്ക് വരെ നയിച്ചിട്ടുണ്ട്. അതിനാല്‍, മനുഷ്യരേയും മൃഗങ്ങളേയും ഇത്തരം പരിക്കുകളില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്കിലോ, സിന്തറ്റിക്കിലോ നിര്‍മ്മിക്കുന്ന മാഞ്ച എന്ന് അറിയപ്പെടുന്ന ഈ നൂല്‍ നിരോധിക്കുന്നു എന്നും അറിയിപ്പില്‍ പറയുന്നു.
അതുപോലെ, പട്ടം പറത്തല്‍ മത്സരത്തിനും മറ്റും ശേഷം ഈ നൂലുകള്‍ ഭൂമിയില്‍ വലിച്ചെറിയപ്പെടുന്നു. അതില്‍ അനേകം കാലം നിലനില്‍ക്കുന്ന പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. അത് പ്രകൃതിയില്‍ കിടന്ന് ജീര്‍ണ്ണിക്കുന്ന തരത്തിലുള്ളതല്ല. അതും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വിവിധ ജലാശയങ്ങളിലും ഡ്രൈനേജ് പോലെയുള്ളവയിലും ഈ പ്ലാസ്റ്റിക് ചെന്നു വീഴുന്നു. അതുപോലെ കന്നുകാലികളടക്കമുള്ള ജീവജാലങ്ങള്‍ മണ്ണില്‍ വീണുകിടക്കുന്ന ഈ നൂലുകളോ അതടങ്ങിയ ഭക്ഷണമോ കഴിക്കുന്നു എന്നും നൂലിന്റെ പാരിസ്ഥിതികാഘാതം ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രസ്താവനയില്‍ സുപ്രിയ സാഹു വ്യക്തമാക്കുന്നു. വര്‍ഷം തോറും നിരവധിക്കണക്കിന് മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും ഈ നൂല്‍ കാരണമുണ്ടാകാറുണ്ട്. പട്ടം പറത്തല്‍ മത്സരത്തിന്റെ ഭാഗമായി ഉപയോ?ഗിക്കുന്ന നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികരടക്കം മരിച്ച സംഭവവും ഉണ്ട്. മിക്ക സ്ഥലങ്ങളും ഈ നൂല്‍ നിരോധിച്ചിട്ടുണ്ട്.