ന്യൂദല്‍ഹി-രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹരജികള്‍ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നു കയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് പറഞ്ഞത്.
1954ലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹരജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹരജികളില്‍ വാദം കേട്ടത്. വിവാഹങ്ങള്‍ നിയമ വിധേയമാക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭകള്‍ക്കാണെന്നും കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നുമാണ് ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. സ്വവര്‍ഗ വിവാഹങ്ങള്‍ കോടതി നിയമ വിധേയമാക്കരുതെന്നും ഇക്കാര്യത്തില്‍ തീരുമാനം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമല്ല. നഗരങ്ങളിലെ വരേണ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നായിരുന്നു സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചത്.
ലോകത്തില്‍ 34 രാജ്യങ്ങളിലാണ് ഇതു വരെ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍