പക്ഷാഘാതംമൂലം തളര്‍ന്നുകിടന്ന വയോധികന്‍ തേനീച്ചയുടെ കുത്തേറ്റു മരിച്ചു

കാസര്‍കോട് - പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന വയോധികന്‍ തേനീച്ചയുടെ കുത്തേറ്റു മരിച്ചു. നിലവിളി കേട്ടെത്തിയവര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. പെരിയ, പുക്കളം സ്വദേശി പി.രാഘവന്‍ (78) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന രാഘവനെ ഇളകിയെത്തിയ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കിടപ്പിലായതിനാല്‍  ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
രാഘവന്റെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും തേനീച്ചകളുടെ ആക്രമണം കാരണം ഉടന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ പാടുപെട്ടു. പലരും തേനീച്ചയുടെ കുത്ത് സഹിച്ചാണ് രാഘവനെ വീട്ടിനു പുറത്തെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ജില്ലാ ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രാഘവന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഭാര്യ: ജാനകി. മക്കള്‍: ആര്‍.രത്‌നാകരന്‍, ആര്‍, ഓമന, ആര്‍.അനില്‍ കുമാര്‍, ആര്‍.അശ്വതി. മരുമക്കള്‍: ബേബി (കുണ്ടാര്‍, പ്രദീപ് (പുക്കളം), സി.എച്ച് കുഞ്ഞിക്കണ്ണന്‍ (തോക്കാനംമൊട്ട).

 

Latest News