Sorry, you need to enable JavaScript to visit this website.

മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി അക്കൗണ്ട് ദുബായില്‍ ലോഗിന്‍ ചെയ്തു, പുതിയ കുരുക്ക്

ന്യൂദല്‍ഹി - പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി അക്കൗണ്ട് ദുബായില്‍ നിരവധി തവണ ലോഗിന്‍ ചെയ്‌തെന്നു റിപ്പോര്‍ട്ട്. വ്യാഴാഴ്ച ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്കു മുന്‍പാകെ ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരിക്കെയാണു മഹുവയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍.

ദുബായില്‍നിന്നു മഹുവയുടെ പാര്‍ലമെന്ററി അക്കൗണ്ടില്‍ 47 തവണ ലോഗിന്‍ ചെയ്‌തെന്ന വിവരം വാര്‍ത്താ ഏജന്‍സി പി.ടി.ഐ ആണു പുറത്തുവിട്ടത്. ഏറെ അടുപ്പമുള്ള കുടുംബ സുഹൃത്തും വ്യവസായിയുമായ ദര്‍ശന്‍ ഹിരാനന്ദാനിക്കു തന്റെ ലോഗിന്‍ വിവരങ്ങള്‍ നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം മഹുവ സമ്മതിച്ചിരുന്നു. ഇതില്‍ അസ്വാഭാവികയില്ലെന്നാണു മഹുവയുടെ നിലപാട്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാന്‍ മഹുവക്കു കൈക്കൂലി നല്‍കിയെന്നു ഹിരാനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദര്‍ശന്‍ ഹിരാനന്ദാനി സത്യവാങ്മൂലം നല്‍കിയതാണു മഹുവക്കു കുരുക്കായത്.

പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ മുന്‍കൂറായി നല്‍കേണ്ട പോര്‍ട്ടലില്‍ എം.പിമാര്‍ ചോദ്യം സ്വയം അപ്‌ലോഡ് ചെയ്യാറില്ലെന്നാണു മഹുവയുടെ വാദം. കീഴ്‌വഴക്കമനുസരിച്ചു ഈ വാദം ശരിയെങ്കിലും നിയമപരമായി നിലനില്‍ക്കില്ലെന്നു വിദഗ്ധര്‍ പറയുന്നു.

 

Latest News