കയ്‌റോ- ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരുടെ ആദ്യസംഘത്തെ റഫ അതിര്‍ത്തി വഴി ഈജിപ്തിലെത്തിച്ചു. ഖത്തര്‍ മധ്യസ്ഥത വഹിച്ച കരാര്‍ പ്രകാരമാണ് ആംബുലന്‍സുകളില്‍ ഇവരെ റഫ അതിര്‍ത്തി കടത്തിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുനനതിന് മെഡിക്കല്‍ ടീമുകള്‍ പരിശോധിച്ചു വരികയാണെന്ന് ഈജിപ്ഷ്യന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
റഫയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ശൈഖ് സുവൈദില്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ തയ്യാറാക്കിയിട്ടുണ്ട്. ചില രോഗികളെ അവിടെയുള്ള സ്ഥിരം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനുമാണ് പദ്ധതി. ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള പട്ടണമായ അല്‍അരിഷിലോ ഇസ്മായിലിയിലോ ഉള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കും. ഈജിപ്ത്, ഇസ്രായില്‍, ഹമാസ് എന്നിവ സമ്മതിച്ച കരാര്‍ പ്രകാരം 81 പരിക്കേറ്റവരെയും 500 വിദേശ പാസ്‌പോര്‍ട്ടുള്ളവരേയും ഗാസ മുനമ്പില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കും.