ന്യൂയോര്‍ക്ക്-ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യുഎസില്‍ ജിമ്മില്‍ വച്ച് കുത്തേറ്റു. 24 കാരനായ വരുണ്‍ എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇന്ത്യാനയിലെ വാല്‍പാറായിസോ നഗരത്തിലെ ഒരു പൊതു ജിമ്മില്‍ വച്ച് ജോര്‍ദാന്‍ അന്‍ഡ്രേഡ് എന്ന യുവാവാണ് വരുണിനെ ആക്രമിച്ചത്. തലയില്‍ കുത്തേറ്റ വരുണ്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച ആയുധവും കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വരുണ്‍ തന്നെ വധിക്കാനായി പദ്ധതിയിട്ടിരുന്നുവെന്നും അതില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് അക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
ജിമ്മില്‍ മസാജ് ചെയ്യുന്ന മുറിയില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും അന്‍ഡ്രേഡ് പറഞ്ഞു. തുടര്‍ന്ന് മുറിവേറ്റ് അബോധാവസ്ഥയിലായിരുന്ന വരുണിനെ ജിമ്മിലുളളവര്‍ ഫോര്‍ട്ട് വെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മസാജ് മുറിയിലെ ഒരു കസേരയില്‍ ചോരയില്‍ കുളിച്ച നിലയിലാണ് വരുണിനെ കണ്ടെത്തിയതെന്നാണ് ജിമ്മിലുളളവര്‍ പൊലീസിനോട് പറഞ്ഞു.