ജറുസലേം-ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ഇസ്രയല്‍ ആക്രമണത്തെ അപലപിച്ച് വിവിധ ഹ്യുമാനിറ്റേറിയന്‍ ഗ്രൂപ്പുകള്‍. വെടിനിര്‍ത്തലിനായി ലോക നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇന്നലെ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുറത്തു വന്നതിനേക്കാളും മരണം സംഭവിച്ചിട്ടുണ്ടെന്നാണ് അവിടെയുള്ള ഡോക്ടര്‍മാരും മറ്റും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രായല്‍ സന്ദര്‍ശിക്കും. യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കന്റെ രണ്ടാമത്തെ ഇസ്രായല്‍ സന്ദര്‍ശനമാണിത്.
ഇസ്രയല്‍ ഗാസയില്‍ കര-വ്യോമ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്നലെയും യുഎസ് ഇസ്രയലിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കിയ ഇസ്രയല്‍ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്ത ഹമാസിന്റെ ഉന്നത കമാന്‍ഡറും കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. എന്നാല്‍, ആക്രമണ സമയത്ത് തങ്ങളുടെ നേതാക്കളാരും ക്യാമ്പില്‍ ഉണ്ടായിരുന്നില്ലെന്നും ഇസ്രയലിന്റെ അവകാശവാദം ഹമാസ് തള്ളിക്കളയുകയും ചെയ്തു.
ഗാസയിലെങ്ങും രൂക്ഷമായ ഇന്ധനക്ഷാമം ഇപ്പോഴും തുടരുകയാണ്. ആശുപത്രികളില്‍ പവര്‍ ജനറേറ്ററുകളില്‍ ഇന്ധനം തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി. പരിക്കേറ്റ നിരവധി ആളുകളെ ഈജിപ്ഷ്യന്‍ ആശുപത്രികളിലേക്ക് മാറ്റാന്‍ റഫ അതിര്‍ത്തി വഴി പോകാന്‍ അനുവാദം നല്‍കുമെന്ന് ഗാസയിലെ അതിര്‍ത്തി ഏജന്‍സി അറിയിച്ചു.