കൊച്ചി - കളമശ്ശേരിയിലെ സ്‌ഫോടന വാർത്തയിലൂടെ വസ്തുതകൾ വെളിച്ചത്തുവന്നതോടെ മാധ്യമങ്ങൾ ഉൾപ്പെടെ പലർക്കും കടുത്ത നിരാശയാണെന്ന് പ്രശസ്ത ഇസ്‌ലാമിക ഗവേഷക പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ എം.എം അക്ബർ. ഉദ്ദേശിച്ച ഇരയെ കിട്ടാത്തതിലാണ് മാധ്യമങ്ങളുടെ നിരാശ. അരമനകളിലെ ജിഹാദ് ഗവേഷകർക്ക് മൗനവും വെറുപ്പുൽപാദകരായ നവനാസ്തികർക്ക് വിഷയ ദാരിദ്ര്യവുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കടിച്ചുകീറാനുള്ള ഇസ്‌ലാംഇറച്ചി നഷ്ടപ്പെട്ടതിലുള്ള മോഹഭംഗം!! യഹോവാസാക്ഷികളിൽ നിന്ന് രാജിവെച്ചയാളുടെ മനസ്സിൽ ഇത്ര ഭീകരമായ 'ദേശീയത' നിറച്ചതാരാണ് എന്ന് ചോദിക്കാനുള്ള നട്ടെല്ല് പോലും അന്തിചർച്ചകളിൽ അഭിരമിക്കുന്നവർക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എഫ്.ബി കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
മുസ്‌ലിംകളേ, നാം ഞെട്ടി ഞെട്ടി മരിക്കാതിരിക്കുക!
2023 ഒക്ടോബർ 29, രാവിലെ 9:38 മുതൽ
മലയാളീ മുസ്‌ലിംകളെല്ലാം ഒരേ മനസ്സോടെയുള്ള പ്രാർത്ഥനയിലായിരുന്നു.
കളമശ്ശേരിയിലെ സ്‌ഫോടനവാർത്ത വന്നത് മുതൽ
സുന്നിയുടെയും മുജാഹിദിന്റെയും ജമാഅത്തുകാരന്റെയും
തബ്‌ലീഗുകാരന്റെയും ഒന്നുമില്ലാത്തവന്റെയുമെല്ലാം മനസ്സിൽ നിന്നുയർന്ന
സർവ്വശക്തനോടെയുള്ള ആത്മാർത്ഥമായ ദുആ...
'അതൊരു മുസ്‌ലിം പേരുള്ളവനാകരുതേ...'
ഉടനെ വന്നു മാധ്യമ വാർത്തകൾ...
തൊപ്പി വെച്ചവരെയും അല്ലാത്തവരെയും വെച്ചുകൊണ്ടുള്ള ചർച്ചകൾ..
എല്ലാം മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട്...
സോഷ്യൽ മീഡിയയിലെ അഴിഞ്ഞാട്ടക്കാർക്ക് ചാകരയുടെ ആഹ്ലാദം...
കേന്ദ്രമന്ത്രിമാരുടെ പ്രാസ്താവനകളും തഥൈവ!!
സ്‌ഫോടനം നടത്തിയത് ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞതോടെ
മുസ്‌ലിംകൾക്ക് ആശ്വാസം; മാധ്യമങ്ങൾക്ക് നിരാശ...
അരമനകളിലെ ജിഹാദ് ഗവേഷകർക്ക് മൗനം..
വെറുപ്പുൽപാദകരായ നവനാസ്തികർക്ക് വിഷയദാരിദ്ര്യം !!
കടിച്ചുകീറാനുള്ള ഇസ്‌ലാംഇറച്ചി നഷ്ടപ്പെട്ടതിലുള്ള മോഹഭംഗം !!
യഹോവാസാക്ഷികളിൽ നിന്ന് രാജിവെച്ചയാളുടെ മനസ്സിൽ
ഇത്ര ഭീകരമായ 'ദേശീയത' നിറച്ചതാരാണ് എന്ന് ചോദിക്കാനുള്ള
നട്ടെല്ല് പോലും അന്തിചർച്ചകളിൽ അഭിരമിക്കുന്നവർക്കില്ല...
പതിനയ്യായിരത്തിലധികം അംഗങ്ങളുമായി കേരളത്തിൽ
ശാന്തമായി പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികളെ
'ദേശവിരുദ്ധരാക്കുന്ന' അവരുടെ ബൈബിളിനെപ്പറ്റി
സിറിയയിലേക്ക് പോയ ഇരുപത് പേരുടെ ഖുർആനിനെപ്പറ്റി
വാചാലരാകുന്നവർക്കൊന്നും യാതൊന്നും പറയാനില്ല.
ദൈവത്തെ 'യഹോവ'യെന്നു മാത്രമേ വിളിക്കാവൂയെന്ന്
വാശിപിടിക്കുന്നവർക്ക് സഹിഷ്ണുത ഉപദേശിക്കാൻ
'അല്ലാഹു അക്ബർ' എന്ന ബാങ്കുവിളിയിൽ അസഹിഷ്ണുത
ഗവേഷണം ചെയ്യുന്നവർക്ക് നേരമില്ല !
ഈ ലോകത്തിന്റെ അദൃശ്യ ഭരണാധികാരിയായ സാത്താനു വേണ്ടിയുള്ള
ചെയ്തികളായതിനാൽ രാഷ്ട്രസേവനവും രാഷ്ട്രീയവുമെല്ലാം നിഷിദ്ധമെന്ന്
കരുതുന്നവർ നാടിന് അപകടമാണെന്ന് ആരും കരുതുന്നില്ല !
തിരഞ്ഞെടുക്കപ്പെട്ട 1,44,000 വിശുദ്ധന്മാർ ഭരിക്കുന്ന ഉടൻ വരാനിരിക്കുന്ന
ഭുമിയിലെ പറുദീസയിൽ ഗാന്ധിജിക്കും മദർ തെരേസക്കുമെല്ലാം
പ്രവേശനം ലഭിക്കുമോയെന്ന് ചോദിക്കുവാൻ മന്ത്രിമാരും തന്ത്രിമാരുമില്ല !
ദേശീയ പതാകയെ വന്ദിക്കരുത്; ദേശഭക്തി ഗാനങ്ങളൊന്നും ആലപിക്കരുത്;
ദേശസേവനം ചെയ്യരുത്; സൈന്യത്തിൽ ചേരരുത് എന്നെല്ലാം പഠിപ്പിക്കുന്ന
പതിനയ്യായിരത്തിലധികം പേരുൾക്കൊള്ളുന്ന ക്രിസ്ത്യൻ കൾട്ടിലുള്ളവരെ
നിരീക്ഷിക്കുവാൻ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ
അന്വേഷകർക്കോ അവരെ തീറ്റിപ്പോറ്റുന്നവർക്കോ താല്പര്യമില്ല.
രക്തം കൊടുക്കയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിക്കുന്നവരുടെ
ധാർമികതയെക്കുറിച്ച് മാനവവാദികൾക്കൊന്നും ആശങ്കയില്ല.
ഭർത്താവാണ് കുടുംബത്തിലെ പരമാധികാരിയെന്നും
വിവാഹമോചനം നിഷിദ്ധമാണെന്നുമുള്ള ഉപദേശങ്ങളെക്കുറിച്ച്
ഫെമിസ്‌നിസ്റ്റുകൾക്ക് പോലും വേവലാതിയൊന്നുമില്ല.
എന്നാൽ ഇസ്‌ലാമാകുമ്പോൾ....മുസ്‌ലിംകളാകുമ്പോൾ...
എന്താണിങ്ങനെയെന്ന് വേവലാതിപ്പെടുന്നവരുണ്ട്;
ഇസ്ലാം ജീവിക്കുന്ന മതമായതുകൊണ്ട് എന്നാണുത്തരം...
മനസ്സുകളെയത് കീഴടക്കുന്നത് ജീവനില്ലാത്ത താത്വിക വ്യവഹാരങ്ങളിലൂടെയല്ല;
അർത്ഥമില്ലാത്ത ആത്മീയസാധനകളിലൂടെയുമല്ല, പ്രത്യുത തൗഹീദിലൂടെയാണ്.
തൗഹീദിന്റെ ആസ്വാദനമറിഞ്ഞവരെ ലോകത്തിന്റെ ലഹരികൾക്ക്
കീഴടക്കാനാവില്ലെന്ന് മനസ്സിലാക്കിയവരുടെതാണ് എതിർപ്പുകളെല്ലാം...
നിങ്ങൾ പാപികളാണ് എന്ന് പറഞ്ഞുകൊണ്ടല്ല, നിങ്ങൾ സ്വാതന്ത്രരാണെന്ന്
പഠിപ്പിച്ചുകൊണ്ടാണ് തൗഹീദ് മനുഷ്യമനസ്സുകളെ നേടിയെടുക്കുന്നത്.
ആത്മീയവും ഭൗതികവുമായ ചങ്ങലകളിൽ നിന്നുള്ള സ്വാതന്ത്ര്യം..
ആ സ്വാതന്ത്ര്യം അനുഭവിച്ചവരോടാണ് എന്നും ചൂഷകർക്കുള്ള വെറുപ്പ്.
അത് ചോദ്യം ചെയ്യുന്നത് മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും
ഫാഷിസത്തിന്റെയും ലിബറലിസത്തിന്റെയുമെല്ലാം
തിട്ടൂരങ്ങളെയായതിനാൽ അവർക്കെല്ലാം അതിനോടെതിർപ്പ്...
മുസ്‌ലിംകളേ, നാം മുസ്‌ലിംകളായിരിക്കുന്നിടത്തോളം
ഈ വെറുപ്പുൽപ്പാദനം തുടരും..
വാർത്തകൾ കേട്ട് ഞെട്ടാനിരുന്നാൽ നാം ഞെട്ടി ഞെട്ടി മരിക്കും.
ഞെട്ടുകയല്ല, പണിയെടുക്കുകയാണ് നമ്മുടെ ദൗത്യം.
സ്‌ഫോടനവാർത്ത വന്നപ്പോൾ നമ്മുടെയെല്ലാം മനസ്സിൽ നിന്നുയർന്ന
സർവ്വശക്തനോടെയുള്ള ആത്മാർത്ഥമായ പ്രാർത്ഥനയില്ലേ,
അത് തന്നെയാണ് ഈ വെറുപ്പിനോട് പൊരുതാനുള്ള മൂർച്ചയുള്ള ആയുധം.
പണിയെടുത്തശേഷമാകണം പ്രാർത്ഥനയെന്നാണല്ലോ മുത്തുനബി(സ)
നമ്മെ പഠിപ്പിച്ചിരിക്കുന്നത്; ഉത്തമസമുദായത്തിന്റെ സൃഷ്ടിയാണ്
നമ്മെയേൽപ്പിച്ച പണി; നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയുമെന്ന
ദഅവത്ത് ആണ് അതിന്ന് നിർദേശിക്കപ്പെട്ട മാർഗ്ഗം...
ഫലസ്തീൻ വിമോചനപ്പോരാട്ടം ചർച്ച ചെയ്യുന്ന നാളുകളാണല്ലോ ഇത്.
ജറുസലേമിന്റെ താക്കോൽ വാങ്ങാൻ യാത്രചെയ്ത് ക്ഷീണിച്ച മുഖവും
കീറിപ്പറിഞ്ഞ വസ്ത്രവുമായി വന്ന ഖലീഫ ഉമറിനെ
ഗുണദോഷിച്ച സ്വഹാബിമാരോട് അദ്ദേഹം പറഞ്ഞ വരികൾ നമുക്ക് പ്രചോദനമാകട്ടെ.
'കൊള്ളരുതാത്തവരായിരുന്ന നമ്മെ ഇസ്‌ലാമിലൂടെയാണ് അല്ലാഹു ആദരിച്ചത്;
അതിലൂടെയല്ലാതെ ആദരവ് ആഗ്രഹിച്ചാൽ അല്ലാഹു തന്നെ നമ്മെ അപമാനിതരാക്കും'