കൊച്ചി- കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ സെഷന്‍സ് കോടതി ് റിമാര്‍ഡ് ചെയ്ത ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പോലീസിനെതിരെ പരാതി ഇല്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡിനു ശേഷം പ്രതിക്കായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
ഇന്നു രാവിലെ മാര്‍ട്ടിനെഅത്താണിയില്‍ താമസിച്ചിരുന്ന ഫ് ളാറ്റിലും സ്‌ഫോടനം നടന്ന സംറ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നാണ് മാര്‍ട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ചെറിയ ഫ് ളാറ്റ്.
ഞായറാഴ്ച രാവിലെ 9.30തോടെ കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53), മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന (12) എന്നിവരാണു മരിച്ചത്. സ്‌ഫോടനങ്ങളില്‍ 52 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.