റിയാദ്- ബലി പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ മാസം 16 മുതല്‍ 26 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു.
മക്കയിലേക്കുള്ള എല്ലാ റോഡുകളിലും പരിശോധന; 10 വര്‍ഷത്തേക്ക് നാടുകടത്തും
അതേസമയം, ഹാജിമാരുടെ സേവനങ്ങള്‍ക്കായി മക്ക, മദീന, മശാഇറുകള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ബാങ്കുകളും താല്‍ക്കാലിക ഓഫീസുകളും പെരുന്നാള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വെള്ളി, ശനി ദിവസങ്ങളില്‍ പോലും ബാങ്കുകള്‍ സേവനം ഉറപ്പുവരുത്തും. ഉപയോക്താക്കള്‍ക്ക് നേരിടുന്ന പ്രയാസം ഒഴിവാക്കുന്നതിനായി നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അവധിക്കാലത്ത് ഏതാനും ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം. അവധിക്കാല ബ്രാഞ്ചുകളെയും പ്രവര്‍ത്തന സമയത്തെയും കുറിച്ച് മുന്‍കൂട്ടി അറിയിക്കണമെന്നും 'സാമ' നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ കുറിച്ച് പിന്നീട് പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തും.
വരിക്കാര്‍ക്ക് സേവനം മുടങ്ങാതിരിക്കാന്‍ അവധിക്കാലത്ത് ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നിര്‍ബന്ധമാണെന്നും 'സാമ' വ്യക്തമാക്കി. ബാങ്കുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'മണി ട്രാന്‍സ്ഫര്‍' സ്ഥാപനങ്ങള്‍ക്കും ഈദ് അവധി സംബന്ധിച്ചും അവധിക്കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള 'സാമ' നിര്‍ദേശങ്ങളെല്ലാം ബാധകമാണ്.