കോഴിക്കോട് - പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച വയോധികന്റെ മൃതദേഹം പോലീസ് ഖബറടക്കത്തിന് തൊട്ടു മുമ്പായി തിരിച്ചുവാങ്ങി. കോഴിക്കോട് ജില്ലയിലെ വടകര നാദാപുരം റോഡിലാണ് സംഭവം.
ഇന്നലെ വൈകീട്ട് ആറോടെ നാദാപുരം റോഡ് സ്വദേശിയായ ഹംസ ഹാജി (71) വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സ്റ്റേഷനിൽ പരാതി നൽകാനായി എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് പോലീസ് ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങി ഇന്നലെ രാത്രിയോടെ മൃതദേഹം ഖബറടക്കാനായി പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. എന്നാൽ, ഖബറടക്കത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടെ പോലീസെത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരിച്ചുവാങ്ങുകയായിരുന്നു. മരണം സംബന്ധിച്ച് ദുരൂഹതകൾ ഇല്ലാതിരിക്കാനും ഭാവിയിൽ പരാതി ഉയരാതിരിക്കാനുമാണ് മൃതദേഹം തിരിച്ചുവാങ്ങി പോസ്റ്റ്മോർട്ടത്തിന് അയച്ചതെന്നാണ് പോലീസ് വിശദീകരണം.