ന്യൂദല്‍ഹി- മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്ത ശേഷം നവംബര്‍ രണ്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുമെന്ന് ഭയക്കുന്നതായി എ.എ.പി നേതാവും ദല്‍ഹി മന്ത്രിയുമായ അതിഷി വെളിപ്പെടുത്തി. ഉന്നത നേതാക്കളെ ജയിലിലേക്ക് അയച്ച് എ.എ.പിയെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് എ.എ.പിക്കെതിരെ ബി.ജെ.പി ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
'നവംബര്‍ രണ്ടിന് കെജ്‌രിവാള്‍ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ അത് അഴിമതി (കുറ്റം) കാരണമല്ല, മറിച്ച് അദ്ദേഹം ബി.ജെ.പിക്കെതിരെ സംസാരിച്ചതുകൊണ്ടാകും- അതിഷിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും എം.സി.ഡി തെരഞ്ഞെടുപ്പിലും എ.എ.പി ബി.ജെ.പിയെ പരാജയപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെ ഭയമാണ്. തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം- അവര്‍ പറഞ്ഞു.
ദല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് ദല്‍ഹിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച ഇ.ഡി കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു.
ഇതാദ്യമായാണ് കെജ്‌രിവാളിന് ഇ.ഡി സമന്‍സ് അയക്കുന്നത്. ഏപ്രിലില്‍ അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
കെജ്‌രിവാള്‍ അറസ്റ്റിലായ ശേഷം സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളെയും അതിന്റെ മുഖ്യമന്ത്രിമാരെയും ബി.ജെ.പി ലക്ഷ്യമിടുന്നതായും അതിഷി ആരോപിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് അടുത്ത ലക്ഷ്യം. ബിഹാറിലെ സഖ്യം തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ തേജസ്വി യാദവിനെ ലക്ഷ്യമിടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അവരുടെ നോട്ടപ്പുള്ളികളാണെന്നും അതിഷി പറഞ്ഞു. എ.എ.പി നേതാക്കള്‍ ജയിലില്‍ പോകുന്നത് ഭയപ്പെടുന്നില്ലെന്നും അവസാന ശ്വാസം വരെ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുമെന്നും അതിഷി ആവര്‍ത്തിച്ചു.