ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് വാരാന്ത്യങ്ങളിലുള്ള പുതിയ വന്ദേഭാരത് ട്രെയിൻ നവംബർ മധ്യത്തിൽ ഓടിത്തുടങ്ങും. എറണാകുളം-ബംഗളൂരു-ചെന്നൈ റൂട്ടിലാണ് ട്രെയിൻ. രണ്ടെണ്ണം തന്ന് മൂന്നാമത്തേതും ഇന്നാ പിടിച്ചോ എന്ന മട്ടിൽ പെട്ടെന്ന് കേരളത്തിന് നൽകുന്നതിനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില ഇടതു പ്രൊഫൈലുകൾ പറയുന്നത്, ഇതുകൊണ്ടൊന്നും കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റും ലഭിക്കില്ലെന്നാണ്. സംഗതി അതല്ല. കേരളത്തിലെ വന്ദേഭാരത് രണ്ടും നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. വാണിജ്യ പ്രാധാന്യമുള്ള മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ട്രെയിനും ക്ലിക്കാവുമെന്നതുറപ്പാണ്. അതേസമയം, ചെന്നൈയിൽ നിന്ന് ആദ്യം തുടങ്ങിയ മൈസൂരു വഴി ബംഗളൂരു വന്ദേഭാരത് ട്രെയിനിൽ ഇപ്പോഴും ആവശ്യത്തിന് യാത്രക്കാരില്ലെന്നതാണ് യാഥാർഥ്യം.
ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടിലാണ് ദീപാവലി സ്പെഷ്യലായി അവതരിക്കുന്ന വന്ദേഭാരത് സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്. ഇതിനൊപ്പമാണ് വന്ദേഭാരത് സ്പെഷ്യൽ കേരളത്തിലേക്ക് സർവീസ് നടത്തുക.
വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ സർവീസ്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയർ റാക്കുകൾ ഉപയോഗിച്ച് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്താനാണ് നിർദേശം നൽകിയത്. ഈ വർഷം നവംബർ 12 നാണ് ദീപാവലി.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ബംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുക. വ്യാഴാഴ്ച രാത്രി ചെന്നൈയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ബംഗളൂരുവിൽ എത്തുകയും അവിടെ നിന്ന് നാലരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തുകയും ചെയ്യുന്ന വിധമായിരിക്കും സർവീസ്.
കേരളത്തിലെ ഓറഞ്ച് പോലെ എട്ട് റേക്കുകളുള്ള ട്രെയിനാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമ്പോഴെല്ലാം സാധാരണ ട്രെയിനുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ചിന്ത മറ്റു ട്രെയിനുകൾ വൈകുമല്ലോ എന്നാണ്. എന്നാൽ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയിൽവേ. കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ മറ്റു ട്രെയിനുകളുടെ സമയനിഷ്ഠയ്ക്ക് തടസ്സമാകില്ല എന്നാണ് സതേൺ റെയിൽവേ പ്രതികരിച്ചത്.
സാധാരണ ഗതിയിൽ വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമം പാലിക്കുന്നതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുമോ എന്ന ആശങ്കയുയരുന്നുണ്ട്. എന്നാൽ വന്ദേഭാരത് ട്രെയിനുകൾക്ക് മുൻഗണന നൽകാൻ മറ്റു ട്രെയിനുകൾ പിടിച്ചിടില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. നേരത്തെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതോടെ വേണാട് എക്സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്നുള്ള സമയം 10 മിനിറ്റ് ദീർഘിപ്പിച്ചിരുന്നു. ഷൊർണൂർ - എറണാകുളം സ്റ്റേഷനുകളിൽ എത്തുന്ന സമയം പഴയതു തന്നെയാണ്. എറണാകുളം - അമ്പലപ്പുഴ റൂട്ടിൽ സിംഗിൾ ലൈൻ ആയതുകൊണ്ട് തന്നെ വന്ദേഭാരത് പോകുന്ന സമയത്ത് രണ്ട് പാസഞ്ചർ ട്രെയിനുകൾക്ക് ക്രോസിംഗ് ഉണ്ടായിരുന്നു. അവയുടെ സമയവും 20 മിനിറ്റ് നേരത്തേയാക്കി മാറ്റിയിട്ടുണ്ട്. ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ്. ഈ പാത പൂർണമായും ഇരട്ടിപ്പിച്ചതാണ്. എന്നാൽ എറണാകുളം-കായംകുളം ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിച്ചിട്ടില്ല. ഇതാണ് യഥാർഥത്തിൽ വില്ലനാവുന്നത്. സമയക്രമത്തിൽ മാറ്റം വരുത്തുന്നതോടെ ഈ പ്രശ്നവും പരിഹരിക്കാനാവുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.