മുംബൈ- ഒ.ബി.സി കാറ്റഗറിയില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മറാത്ത സമുദായാംഗങ്ങള്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാക്കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു സംഘം പ്രതിഷേധക്കാര്‍ മുംബൈ-ബംഗളൂരു ഹൈവേ രണ്ട് മണിക്കൂറോളം തടഞ്ഞത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മറാത്ത ക്രാന്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍ സോലാപൂരില്‍ റെയില്‍വേ ട്രാക്ക് തടഞ്ഞു. മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കില്‍ ടയറുകള്‍ കത്തിക്കുന്നതും കാവി പതാക ഉയര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. റാം ജാദവ്, നിശാന്ത് സാല്‍വെ എന്നീ രണ്ട് പ്രക്ഷോഭകരെ റെയില്‍വേ ഉദ്യോഗസ്ഥരും സോലാപൂര്‍ സിറ്റി പോലീസും കസ്റ്റഡിയിലെടുത്തു. കഠിന പ്രയത്‌നത്തിനൊടുവില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് സമരക്കാരെ ഇറക്കിവിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ പ്രതിഷേധത്തിനിടെ ഒരു സംഘം ആളുകള്‍ പഞ്ചായത്ത് സമിതി ഓഫീസിന് തീയിട്ടതായി പോലീസ് പറഞ്ഞു. 'ഏക് മറാത്താ ലക്ഷം മറാത്ത' എന്ന മുദ്രാവാക്യം മുഴക്കി തിങ്കളാഴ്ച രാത്രി ജില്ലയിലെ ഘാന്‍സാവാംഗിയിലെ പഞ്ചായത്ത് സമിതി ഓഫീസില്‍ എത്തിയ പ്രവര്‍ത്തകരാണ് തീയിട്ടത്. ഓഫീസിലെ രണ്ട് മുറികളിലെ ചില പ്രധാന രേഖകളും ഫര്‍ണിച്ചറുകളും നശിച്ചതായി ഘാന്‍സാവാംഗി പോലീസ് പറഞ്ഞു.
ജല്‍നയിലെ ബദ്‌നാപൂര്‍ തഹസില്‍ ഷെല്‍ഗാവ് ഗ്രാമത്തിലെ റെയില്‍വേ ഗേറ്റില്‍ മറാത്ത സമുദായത്തില്‍പ്പെട്ട ചില യുവാക്കള്‍ ട്രെയിനുകള്‍ തടയാന്‍ ശ്രമിച്ചു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരിക്കുകയായിരുന്നു. ഒക്‌ടോബര്‍ 25 മുതല്‍ ജല്‍ന ജില്ലയിലെ അന്തര്‍വാലി സാരതി ഗ്രാമത്തില്‍ സംവരണ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മറാത്ത സംവരണ പ്രവര്‍ത്തകനായ മനോജ് ജരാങ്കെ അനിശ്ചിതകാല നിരാഹാരം തുടരുകയാണ്.
മറാത്താ സമുദായം അപൂര്‍ണമായ സംവരണം അംഗീകരിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.സി.പി (അജിത് പവാര്‍ വിഭാഗം) നേതാവ് അമര്‍സിംഗ് പണ്ഡിറ്റിന്റെ വസതിക്ക് പുറത്ത് മറാത്താ പ്രക്ഷോഭകാരികള്‍ തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.