കൊൽക്കത്ത- ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 204 റൺസിലൊതുക്കി പാക്കിസ്ഥാൻ. 45.1 ഓവറിൽ ബംഗ്ലാ നിരയിലെ മുഴുവൻ താരങ്ങളെയും പാക്കിസ്ഥാൻ പുറത്താക്കി. തുടക്കം തന്നെ പിഴ ബംഗ്ലാദേശിനെ ലിറ്റൺ ദാസും മഹമ്മുദുള്ളയും ഷാക്കിബ് അൽ ഹസനും തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക് ബൗളർമാർ തിരിച്ചടിച്ചു. ആദ്യ ഓവറിൽ തൻസിദ് ഹസനെ ബംഗ്ലാദേശിന് നഷ്ടമായി. നജ്മുൾ ഹുസൈനും മുഷ്ഫിക്കുർ റഹിമും പുറത്താകുമ്പോൾ 23/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. നാലാം വിക്കറ്റിൽ 79 റൺസ് നേടി ലിറ്റൺ ദാസും മഹമ്മുദുള്ളയും ബംഗ്ലാദേശിനെ തിരിച്ചുകൊണ്ടുവരുന്നതിനിടെ ലിറ്റൺ ദാസിനെ പുറത്താക്കി ഇഫ്തിക്കർ അഹമ്മദ് ഈ കൂട്ടുകെട്ട് തകർത്തു. 45 റൺസാണ് ലിറ്റൺ ദാസ് നേടിയത്. അഞ്ചാം വിക്കറ്റിൽ 28 റൺസ് ഷാക്കിബിനൊപ്പം നേടിയെങ്കിലും മഹമ്മുദുള്ള 56 റൺസ് നേടി പുറത്തായതോടെ ബംഗ്ലാദേശ് 130/5 എന്ന നിലയിലേക്ക് വീണു. തൗഹിദ് ഹൃദോയയും വേഗത്തിൽ വീണുവെങ്കിലും ഷാക്കിബ് അൽ ഹസൻ പൊരുതി നിന്നു.
43 റൺസാണ് ഷാക്കിബ് അൽ ഹസൻ നേടിയത്. ഏഴാം വിക്കറ്റിൽ മെഹ്ദി ഹസൻ മിറാസുമായി ചേർന്ന് 40 റൺസ് ഷാക്കിബ് നേടി. ഷാക്കിബ് പുറത്തായ ശേഷം മിറാസും ടാസ്‌കിനും ചേർന്ന് ടീമിന്റെ സ്‌കോർ 200ലേക്ക് എത്തിച്ചുവെങ്കിലും 25 റൺസ് നേടിയ മിറാസിനെ ബംഗ്ലാദേശിന് നഷ്ടമായി.
പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീം ജൂനിയറും 3 വീതം വിക്കറ്റ് നേടി.