മക്ക- ഹജ് അനുമതിപത്രമില്ലാത്ത ഒരാളും മക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ അധികൃതര്‍ പഴുതടച്ച സുരക്ഷാ പരിശോധന ആരംഭിച്ചു. സ്വദേശികളും വിദേശികളുമടക്കം ഹജ് അനുമതിപത്രം (തസ്‌രീഹ്) ഇല്ലാത്തവര്‍ മക്ക അതിര്‍ത്തിയില്‍ പ്രവേശിക്കാതിരിക്കാനുള്ള പരിശോധന ചൊവ്വാഴ്ച പുലര്‍ച്ച 12 മുതലാണ് കര്‍ശനമാക്കിയത്.
മക്ക പ്രവേശന കവാടങ്ങളിലും എല്ലാ റോഡുകളിലും ഹജ് സംബന്ധമായ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സജ്ജരാണെന്ന് റോഡ് സുരക്ഷക്കായുള്ള പ്രത്യേക സേനകളുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ സായിദ് ആല്‍ തുവൈയാനെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ക്കുപുറമെ, സാധാരണ ഉപയോഗിക്കാത്ത പാതകളിലും താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മക്കയില്‍ പ്രവേശിക്കാന്‍ വ്യാജ അനുമതി പത്രം; നാല് വിദേശികള്‍ അറസ്റ്റില്‍
അനധികൃത മാര്‍ഗങ്ങളിലൂടെ മക്കയിലെത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും തടയുകയാണ് ലക്ഷ്യം. എല്ലാ തരത്തിലുള്ള നിയമലംഘനങ്ങളേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും ഹജ് നിര്‍വഹിക്കാന്‍ തസ് രീഹ് വേണമെന്ന നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
അനധികൃതമായി ആളുകളെ മക്കയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. നിയമംലംഘിക്കുന്നവരെ ഉടന്‍തന്നെ നാടു കടത്തും. പത്തു വര്‍ഷത്തേക്ക് ഇവരെ തിരിച്ചുവരാന്‍ അനുവദിക്കില്ല.
ജവാസാത്ത്, ജയില്‍ വകുപ്പുകളടക്കം വിവിധ വകുപ്പുള്‍ ഏകോപനത്തോടെയാണ് ഇത്തവണ പരിശോധന നടത്തുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും. അമിത തുക ഈടാക്കി ഇപ്പോഴും മക്കയിലെത്തിക്കാനുള്ള സാഹസത്തിന് ചില വാഹനങ്ങളുടെ ഡ്രൈവര്‍മാരെങ്കിലും മുതിരുന്നുണ്ട്. ഇവര്‍ നല്‍കുന്ന ഉറപ്പില്‍ മലയാളികളടക്കം ധാരാളം പേര്‍ മക്കയിലെത്താന്‍ തയാറാകുന്നുമുണ്ട്.
തൊഴില്‍ അനുമതിയും മക്കയില്‍ താമസാനുമതിയും ഇല്ലാത്തവരെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ തടയുന്നത് ശവ്വാല്‍ 25 മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച മുതലാണ് കര്‍ശനമാക്കിയിരിക്കുന്നത്.