ക്രോയ്ഡണ്‍- സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണില്‍ 19 കാരിയായ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ 23 കാരനെതിരെ കേസെടുത്തു. കൊല്ലപ്പെട്ട മെഹക് ശര്‍മ്മയെ ഒരു വീട്ടില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും പാരാമെഡിക്കുകളും എത്തിയ ശേഷം മരണം സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് വെച്ച് അറസ്റ്റിലായ ഷൈല്‍ ശര്‍മ്മയെ വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയും ഇരയും തമ്മിലുള്ള ബന്ധം ഇനിയും കണ്ടെത്താനായിട്ടില്ല. എന്തെങ്കിലും വിവരം അറിയുന്നവര്‍ കൈമാറണമെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മരണകാരണം കൃത്യമായി കണ്ടെത്താന്‍ പ്രത്യേക പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംഭവത്തിന് പിന്നിലെ കാരണം അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷമാദ്യം ലണ്ടനില്‍ മറ്റൊരു ഇന്ത്യന്‍ വംശജന്‍ ഇതുപോലെ കുത്തേറ്റു മരിച്ചിരുന്നു. 38 കാരനായ ഇന്ത്യന്‍ വംശജനായ അരവിന്ദ് ശശികുമാറിനെയാണ് കേംബര്‍വെല്ലില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നെഞ്ചില്‍ കുത്തേറ്റാണ് ശശികുമാര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം സ്ഥിരീകരിച്ചു.
മറ്റൊരു സംഭവത്തില്‍, വടക്കന്‍ ലണ്ടനിലെ വെംബ്ലിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി തേജസ്വിനി കോന്തത്തെ കൊലപ്പെടുത്തിയതിനും സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും 23കാരനാണ് പ്രതി. കെവന്‍ അന്റോണിയോ ലോറന്‍കോ ഡി മൊറൈസ് എന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.