തിരുവനന്തപുരം-കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിക്കുമെതിരെ പരാതി. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് ഇരുവരും നടത്തിയ പ്രസ്താവനകള്‍ മുന്‍ നിര്‍ത്തിയാണ് പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി. സരിന്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇരുവരും നടത്തിയത് അപകീര്‍ത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ഇടത് സഹയാത്രികന്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ക്കെതിരെയും സരിന്‍ പരാതി നല്‍കിയിരുന്നു.
കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.
കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളില്‍ വര്‍ഗീയ ചുവയോടെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയും കേസുകള്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. കോഴഞ്ചേരി സ്വദേശി റിവ ഫിലിപ്പിനെതിരെയാണ് കേസ്.
സാമൂഹ്യ മാധ്യമങ്ങളിലെ വര്‍ഗീയ പ്രചരണത്തിനെതിരെ ഐ.എന്‍.എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് ഡിജിപിക്ക് പരാതി നല്‍കി. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, കര്‍മ്മ ന്യൂസ് ഓണ്‍ലൈന്‍ ചാനല്‍, 'കാസ' സാമൂഹിക മാധ്യമ പേജ് എന്നിവയ്ക്കെതിരെയാണ് പരാതി. നൂറോളം വിദ്വേഷ പോസ്റ്റുകള്‍ സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്.കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ ആക്ട് അടക്കം ചുമത്തിയാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാള്‍ സ്വയം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.