ന്യൂദൽഹി- സഹപാഠികളെക്കൊണ്ട് അധ്യാപിക മുസ് ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന് വീണ്ടും സുപ്രീംകോടതി വിമർശം. ഇരയായ കുട്ടിക്ക് കൗൺസലിംഗ് നൽകാത്ത നടപടിയിൽ യുപി സർക്കാർ നടപടിയിൽ ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഇരയായ കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ ശിശുക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദഗ്ധ ഏജൻസിയെ നിയോഗിക്കണമെന്ന നിർദേശം ബഞ്ചിന് മുന്നോട്ടുവെച്ചു. സുപ്രീംകോടതിയുടെ മുൻഉത്തരവ് പ്രകാരം കൺസിലിംഗ് നൽകാൻ ഇര കൗൺസിലിംഗ് സെന്ററിലെത്തണമെന്ന സംസ്ഥാന സർക്കാർ നിലപാടിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇരയായ കുട്ടി വലിയ ആഘാതത്തിലാണ്. ആ കുട്ടി കൗൺസിലിംഗ് സെന്ററിൽ വരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പിനോട് ബഞ്ച് ചോദിച്ചു. കുട്ടിക്ക് വീട്ടിലെത്തി കൗൺസലിംഗ് നൽകണമെന്നും ബഞ്ച് പറഞ്ഞു. സംഭവത്തിന് ശേഷം കുട്ടി അന്തർമുഖനായിപ്പോയിട്ടുണ്ടെന്നും കുട്ടി കൗൺസലിങിനായി വരുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ കൃത്യവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ബഞ്ച് ഉത്തർപ്രദേശ് സർക്കാറിന് നിർദേശം നൽകിയത്. കുട്ടിയെ സാധാരണ നിലയിലാക്കാനുള്ള ചികിത്സാരീതികൾ തുടരുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. അധ്യാപികയ്‌ക്കെതിരേ മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഉത്തർപ്രദേശ് സർക്കാർ റിപ്പോർട്ടിൽ പറഞ്ഞു. ഇതിന് സർക്കാറിന്റെ അനുമതി ആവശ്യമായതിനാൽ അതിനായി കാത്തിരിക്കുകയാണ്. കുട്ടികൾക്കെതിരായ ക്രൂരതയുമായി ബന്ധപ്പെട്ട ജുവൈനൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പും ചേർത്തിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. 295 എ ചുമത്തുന്നതിന് വേഗത്തിൽ അനുമതി നൽകാൻ സർക്കാറിന് കോടതി നിർദേശം നൽകി.എന്നാൽ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) അല്ലെങ്കിൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളെ ഇരയായ വിദ്യാർഥിയുടെയും സഹപാഠികളുടെയും കൗൺസിലംഗിനായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.