ന്യൂദൽഹി- രാഷ്ട്രീയ പാർട്ടികൾക്ക് ആരെല്ലാം പണം നൽകുന്നുവെന്ന് അറിയാൻ പൗരന്മാർക്ക് അവകാശമില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയിൽ. ഉറവിടം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്ന സംവിധാനമായ ഇലക്ട്രൽ ബോണ്ടിനെതിരെയുള്ള കേസിലാണ് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കേന്ദ്രസർക്കാർ നിലാപാട് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം അറിയൽ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം പൗരൻമാരുടെ അവകാശമല്ല. യുക്തിസഹമായ നിയന്ത്രണമില്ലാതെ എല്ലാം അറിയാനുള്ള അവകാശം പൗരൻമാർക്കില്ലെന്നും ചില പ്രത്യേക കാര്യങ്ങളിൽ മാത്രമാണുള്ളതെന്നും അറ്റോർണി ജനറൽ പറഞ്ഞു. ഇലക്ട്രൽ ബോണ്ട് പൗരൻമാരുടെ നിലവിലുള്ള അവകാശങ്ങളൊന്നും തടസ്സപ്പെടുത്തുന്നില്ലെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പറയാനാവില്ലെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു. മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നതിന് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനെ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) ന്റെ പരിധിയിലാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നും അറ്റോർണി ജനറൽ വെങ്കിട്ടരമണി വ്യക്തമാക്കി. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പൗരന് അറിയാനുള്ള അവകാശമുണ്ടെന്ന കോടതി വിധി രാഷ്ട്രീയപ്പാർട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള അവകാശം കൂടിയായി വ്യാഖ്യാനിക്കാൻ കഴിയില്ല. കളങ്കരഹിതരായ സ്ഥാനാർഥികളെ തിരഞ്ഞെടുക്കാനാണ് ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന വിധിയുണ്ടായിട്ടുള്ളത്. വിവരാവകാശം ചില നിർദിഷ്ട കാര്യങ്ങൾക്ക് മാത്രമേയുള്ളൂ. നികുതി ബാധ്യതകൾ പാലിക്കുന്നതിന് ഇലക്ട്രൽ ബോണ്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമം സഹായകരമാണ്. നിയമം മറ്റേതെങ്കിലും അവകാശം ഹനിക്കുന്നതുമല്ലെന്നും അറ്റോർണി ജനറൽ വാദിച്ചു.