ന്യൂദല്‍ഹി- മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. നവംബര്‍ രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.കഴിഞ്ഞ ഏപ്രിലില്‍ കെജ്‌രിവാളിനെ ഇതേ കേസില്‍ ഒന്‍പത് മണിക്കൂര്‍ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി. സഞ്ജയ് സിങ് എന്നിവര്‍ മദ്യനയക്കേസില്‍ നിലവില്‍ ജയിലിലാണ്. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് കെജ്‌രിവാളിനെതിരായ സമന്‍സ്.
ഇഡി, സിബിഐ കേസുകളില്‍ സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ഇഡിയും സിബിഐയും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിചാരണ മന്ദഗതിയിലാണെന്ന് ബോധ്യപ്പെടുകയോ അതിലും മുന്നോട്ടുപോവുകയോ ചെയ്താല്‍ സിസോദിയക്ക് വീണ്ടും ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്.ഓഗസ്റ്റ് 17 നാണു മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഫയൽ ചെയ്തത്. റിമാന്‍ഡ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന് കോടതി അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ജാമ്യം അനുവദിക്കുമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസില്‍ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികള്‍ കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയക്കായിരുന്നു