ദമാം- പതിനാലായിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്ന ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ സ്ഥാനത്തേക്ക് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനോജ് ഗോപാലകൃഷ്ണ പിള്ള നിയമിതനായി. ഇന്ത്യൻ എംബസിയാണ് സനോജ് ഗോപാലകൃഷ്ണ പിള്ളയെ ചെയർമാനായി നോമിനേറ്റ് ചെയ്തത്. 2009 മുതൽ ദമാമിൽ പ്രവാസിയായ സനോജ് ന്യു അഡ്വാൻസ് ട്രേഡിംഗ് കമ്പനിയുടെ ഓപ്പറേഷൻ മാനേജറായി സേവനമനുഷ്ഠിച്ച് വരുന്നു.
2021 ഒക്ടോബറിലാണ് സ്‌കൂൾ ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. 2019ൽ ചെയർമാനായിരുന്ന സുനിൽ മുഹമ്മദിന് ശേഷം ഒരു മലയാളി വീണ്ടും ചെയർമാൻ സ്ഥാനത്തെത്തുകയാണ്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഒപ്പം വിദ്യാർത്ഥികളുടെ യാത്ര സൗകര്യങ്ങൾ കുറ്റമറ്റതാകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്ന് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സനോജ് ഗോപാലകൃഷ്ണ പിള്ള പറഞ്ഞു. ഭാര്യ ദിവ്യ, ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ സംവേദ്, സംദേവ് എന്നിവർ മക്കളാണ്. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സനോജ് ഗോപാലകൃഷ്ണ പിള്ളയെ മലയാളി സ്‌കൂൾ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക്ക് അഭിനന്ദിച്ചു.