ഹൈദരാബാദ്-ഫലസ്തീനിയന്‍ കുട്ടികളെ കുറിച്ച് നിന്ദ്യമായ അടിക്കുറിപ്പുകളോടെ തമശകള്‍ (മീമുകള്‍) സൃഷ്ടിച്ച യുവാവിന്റെ മരണത്തെ തീരാനഷ്ടമെന്ന് കുറിച്ച് സംഘ്പരിവാര്‍ പ്രചാരകര്‍. ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ക്രൂരമായ മീമുകള്‍ സൃഷ്ടിച്ച 30 കാരനായ യാഷ് (@Smokingskills07 on X) എന്നറിയപ്പെടുന്ന പ്രമുഖ വലതുപക്ഷ സോഷ്യല്‍ മീഡിയ താരത്തെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം. യാഷ് സൃഷ്ടിച്ച മീമുകള്‍ സംഘ്പരിവാര്‍ അംഗങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു.
അടിക്കുറിപ്പുകളും മീമുകളും ഉപയോഗിച്ച് തയാറാക്കിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഫലസ്തീന്‍ മുസ്ലീങ്ങളെ മാത്രമല്ല, ഇന്ത്യന്‍ മുസ്ലീങ്ങളെയും ലക്ഷ്യമിടുന്നതായിരുന്നു.
ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ബാലന്റെ ചിത്രം യാഷ് ഉപയോഗിച്ചിരുന്നു. 'ഫെയര്‍ ആന്‍ഡ് ലൗലി മീറ്റര്‍ എന്നാണ് അദ്ദേഹം ചിത്രത്തില്‍ എഴുതിയത്.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിനുശേഷം ഇസ്രായില്‍ തുടരുന്ന വ്യോമാക്രമണത്തിനു പിന്നാലെ വലതുപക്ഷ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫലസ്തീന്‍ വിരുദ്ധ തെറ്റായ വിവരങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്. മിക്കവരും ഇസ്‌ലാമോഫോബിക് മുന്‍വിധികളാണ് പ്രചരിപ്പിക്കുന്നത്.
യാഷിന്റെ പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്തവരാണ് യുവാവിന്റെ മരണത്തില്‍ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പുകള്‍ നല്‍കുന്നത്. സ്‌മോകിംഗ് കില്‍സിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ഒരു സംഘ്പരിവാര്‍ അനുഭാവി ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കുറിച്ചു.
മാധ്യമ സ്ഥാപനമായ ഒപ് ഇന്ത്യയുടെ എഡിറ്റര്‍ ഇന്‍ചീഫ് നൂപൂര്‍ ജെ ശര്‍മ്മയും തന്റെ നടുക്കം പ്രകടിപ്പിച്ചു. ശരിക്കും ഒന്നും പറയാന്‍ കഴിയുന്നില്ല. അദ്ദേഹം സുഖമായി യാത്ര ചെയ്ത് മഹാദേവന്റെ കാല്‍ക്കല്‍ ഇടം കണ്ടെത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഓം ശാന്തി- നൂപുര്‍ ജെ. ശര്‍മ കുറിച്ചു.
ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും യാഷിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സ്‌മോകിംഗ് കില്‍സിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അകാല മരണം തീവ്രവാദത്തിന്റെ യഥാര്‍ത്ഥ മുഖം ഒരിക്കല്‍ കൂടി തുറന്നുകാട്ടിയെന്നാണ് ഒരാളുടെ കമന്റ്.