കാസര്‍കോട്- പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് പോയയാള്‍ വാഹനാപകടത്തില്‍ മരിച്ചു. ബെള്ളൂര്‍ അഡ്.വാളയിലെ അപ്പക്കുഞ്ഞിയുടെ മകന്‍ എ കൃഷ്ണന്‍ (50) ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടുപരിസരത്തെ മതിലില്‍നിന്നാണ് കൃഷ്ണന് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ബൈക്കില്‍ കൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. നെക്രംപാറയില്‍ കൃഷ്ണന്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കൃഷ്ണനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ബോധരഹിതനായി. ഇതോടെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.