അമരാവതി - ആന്ധ്രാപ്രദേശിലെ ട്രെയിന്‍ അപകടത്തില്‍പെടാന്‍ കാരണം ലോക്കോ പൈലറ്റിന്റെ പിഴവെന്ന് റെയില്‍വേ മന്ത്രാലയം. ചുവപ്പ് സിഗ്‌നല്‍ നല്‍കിയിരുന്നത് ശ്രദ്ധിക്കാതെ ട്രെയിന്‍ മുന്നോട്ട് പോയതാണ് അപകടം ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി റെയിലവേ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച വെളിപ്പിനാണ് വിജയനഗരത്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്നും റഗഡയിലേക്ക് പോകുകയായിരുന്ന തീവണ്ടിയും വിശാഖപട്ടണത്ത് നിന്നും പലാസയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പതിനാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തകരാറുള്ള ഓട്ടോ സിഗ്‌നലുകളില്‍ ട്രെയിന്‍ രണ്ട് മിനിറ്റ് നിര്‍ത്തുകയും പിന്നീട് 10 കിലോമീറ്റര്‍ വേഗതയില്‍ ആരംഭിക്കുകയും ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ സിഗ്‌നല്‍ തെറ്റിച്ച് മുന്നോട്ട് പോയതാണ് കൂട്ടിയിടിയിലേക്ക് നയിച്ചത്. വിശാഖപട്ടണം-പലാസ ട്രെയിന്‍ പ്രധാന ട്രാക്കില്‍നിന്ന് സൈഡ് ട്രാക്കിലേക്ക് മാറുന്നതിനിടെയാണ് ഞായറാഴ്ച അപകടമുണ്ടായത്.