ടെല്‍അവീവ്- ഏറ്റവും പ്രയാസകരമായ സമയത്ത് ഇസ്രയിലിനെ നയിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉടന്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടി നേതാവ് മെറാവ് മൈക്കേലി.
ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ഇതുവരെ നമുക്ക് നേതൃത്വം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇസ്രായില്‍ രാജ്യം അതിന്റെ ഏറ്റവും പ്രയാസകരമായ നിമിഷത്തിലാണ്. നേതൃത്വമില്ലെന്നും മാനേജ്‌മെന്റില്ലെന്നുമാണ് പൊതുജനങ്ങള്‍ക്ക് തോന്നുന്നതെന്നും അതു കൊണ്ട് തന്നെ നെതന്യാഹു സ്ഥാനം ഒഴിയണമെന്നും അവര്‍ പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രസ്താവന പുറത്തിറക്കിയ നെതന്യാഹുവിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മോശം ധാരണയാണുള്ളതെന്നും പ്രധാനമന്ത്രി തന്നെ കുറിച്ച് മാത്രം വേവലാതിപ്പെടുന്നതായാണ് പൊതുജനങ്ങള്‍ക്ക് തോന്നുന്നതെന്നും മൈക്കിലി ആരോപിച്ചു.
ഇന്റലിജന്‍സ് മേധാവികളെ കുറ്റപ്പെടുത്തിയ പോസ്റ്റ് നെതന്യാഹു പിന്നീട് ഡിലീറ്റ് ചെയ്യുകയും അപൂര്‍വമായ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹമാസിന്റെ മിന്നലാക്രമണം തടയുന്നതിലുണ്ടായ ഇസ്രായിലിന്റെ വിനാശകരമായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുതിര്‍ന്ന ഇസ്രയില്‍ ഉദ്യോഗസ്ഥരുടെ നിരയില്‍ അദ്ദേഹത്തിന്റെ പേര് ഇതുവരെയില്ലെന്നും ലബേര്‍ പാര്‍ട്ടി നേതാവ് പറഞ്ഞു.
ഇത്തരമൊരു വിശ്വാസമില്ലാത്ത അവസ്ഥയില്‍ നെതന്യാഹുവിനെ ഉടന്‍ മാറ്റണം- അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.