തിരുവനന്തപുരം-കളമശ്ശേരിയില്‍ സ്‌ഫോടനം നടന്നപ്പോള്‍ കേന്ദ്രമന്ത്രി കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേരളം അതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായെന്നും ഇനിയും അങ്ങനെ തന്നെ തുടരണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാവുന്നതാണ് എന്നും ഉണ്ടായാല്‍ അത് നമ്മളെ എത്രമാത്രം മുള്‍മുനയില്‍ നിര്‍ത്തും എന്നതും ഇന്നലെ മനസിലായി. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറും എന്നുളളതും മനസിലായി. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമൊക്കെ ആ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വല്ലാതെ പരിധിവിട്ടുപോയില്ല. പക്ഷെ സമൂഹമാധ്യമങ്ങളൊക്കെ വിദ്വേഷം പരത്താന്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി.
ഇത് വളരെ അപകടകരമാണ്. അധികാരസ്ഥാനത്തിരിക്കുന്ന കേന്ദ്രമന്ത്രിയൊക്കെ ഇങ്ങനെ പറയുക എന്ന് പറഞ്ഞാല്‍ വളരെ മോശമാണ്. കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്നത് നല്ല പ്രവണതയല്ല. കേരളം അതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായി. ഇനിയും അങ്ങനെ നില്‍ക്കണമെന്നാണ് പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങളുടെയും അഭിപ്രായം- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.