Sorry, you need to enable JavaScript to visit this website.

പ്രവാചകനെ അവഹേളിച്ചുവെന്ന് വ്യാജപ്രചാരണം; ജാമിദക്കും നന്ദകുമാറിനും എതിരെ കെ.എൻ.എ ഖാദർ നിയമനടപടിക്ക്

മലപ്പുറം- പ്രവാചകനെയും ഖുർആനെയും മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ അവഹേളിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തുകയും വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ക്രൈം നന്ദകുമാർ, യുക്തിവാദി നേതാവ് ജാമിത ടീച്ചർ, പെരുമ്പാവൂർ സ്വദേശി പെരുമ്പാവൂർ മുടിക്കൽ കുഞ്ഞിമുഹമ്മദ് എന്നിവർക്കെതിരെ പരാതി. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനാണ് കെ.എൻ.എ ഖാദർ പരാതി നൽകിയത്. തന്റെയും കുടുംബത്തിന്റെയും ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് വ്യാജപ്രചാരണം നടക്കുന്നതെന്നും ഇതിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയുടെ മുഴുവൻ രൂപം;

എന്റെ ചിത്രങ്ങളും ഞാൻ മുസ്ലിം ലീഗ് നേതാക്കൻമാരൊത്ത് നിൽക്കുന്ന ഫോട്ടോകളും ചേർത്ത് എന്റെതാണെന്ന്  വ്യാജമായി  പ്രചരിപ്പിച്ചു കൊണ്ട് ഒന്നാം എതിർകക്ഷിയുടെ ഓഡിയോ ക്ലിപ്പ് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു വരുന്നതായി എനിക്ക്  ബോധ്യപ്പെടുകയുണ്ടായി. െ്രെകം ന്യൂസ് ചാനൽ, ജാമിത ടീച്ചറുടെ ചാനൽ തുടങ്ങി അനേകം യൂട്യൂബ് ചാനലുകാരും മറ്റു തൽപ്പര കക്ഷികളും രാഷ്ട്രീയ  എതിരാളികളും എന്റെ വിവിധ ഫോട്ടോകൾ ചേർത്ത് ഈ ഓഡിയോ ക്ലിപ്പ്  വ്യാപകമായി  പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  നേരത്തെ മലപ്പുറം പോലീസ് സൂപ്രണ്ടിനും  മലപ്പുറം പോലീസ്  സ്‌റ്റേഷനിലും ഞാൻ 
ഈ വ്യാജ പ്രചരണത്തിനെതിരെ  പരാതി കൊടുത്തിരുന്നു.. അതിനെ തുടർന്ന് പോലീസ് പെരുമ്പാവൂർ മുടിക്കൽ കുഞ്ഞിമുഹമ്മദ് എന്ന ഒന്നാം എതിർകക്ഷിയെ  മലപ്പുറം പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കുകയും അദ്ദേഹം ഈ വോയിസ് അദ്ദേഹത്തിൻറെ താണെന്നും ആ പറഞ്ഞ വോയ്‌സിലെ  അഭിപ്രായം അദ്ദേഹത്തിൻറെ സ്വന്തമാണെന്നും കെ എൻ എ ഖാദറുമായി  അതിന് യാതൊരു ബന്ധവുമില്ലെന്നും അന്ന് പോലീസ് മുമ്പാകെ മൊഴി കൊടുക്കുകയും  ചെയ്തിരുന്നു. ഈ  ഓഡിയോ ക്ലിപ്പിൽ എവിടെയും  കെ. എൻ. എ. ഖാദർ ആണ് ഈ കാര്യങ്ങൾ പറയുന്നതെന്ന്  അദ്ദേഹം പറഞ്ഞിട്ടുമില്ല.. അദ്ദേഹത്തിന്റെ വ്യക്തിപരമായ  അഭിപ്രായങ്ങളാണെന്ന്  അന്ന് അദ്ദേഹം പോലീസ് സ്‌റ്റേഷനിൽ വന്ന  എല്ലാ മാധ്യമ പ്രവർത്തകരുടെ മുമ്പാകെ തുറന്നുപറയുകയും ആ വസ്തുത വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നതുമാണ്. പെരുമ്പാവൂർ മുടിക്കൽ കുഞ്ഞുമുഹമ്മദ് എന്ന് എന്ന ആൾ അയാളുടെ  ഐഡൻറിറ്റി കാർഡ്, അദ്ദേഹത്തിൻറെ പാസ്‌പോർട്ട് കോപ്പി, അദ്ദേഹത്തിൻറെ ഫോട്ടോ തുടങ്ങിയവ മലപ്പുറം പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കുകയും ചെയ്തിരുന്നു..  ആ ഓഡിയോ ക്ലിപ്പ്  കേട്ടാൽ പ്രഥമ ശ്രവണ ത്തിൽ തന്നെ മനസ്സിലാകും അത്  എന്റേതല്ല എന്ന്.  പെരുമ്പാവൂർ  എറണാകുളം ഭാഗത്തുള്ള  മലയാള ഭാഷയിലെ സ്ലാംഗ് ആ ഓഡിയോയിൽ വ്യക്തമാണ്.   ഇദ്ദേഹത്തിന്റെ ആ  ഓഡിയോ ക്ലിപ്പിലെ  ഏതാനും  ഭാഗങ്ങൾ എഡിറ്റ് ചെയ്ത് എന്റെയും പാണക്കാട് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും മറ്റു പാർട്ടി നേതാക്കന്മാരുടെയും  ചിത്രം വേറെ വേറെ എടുത്തിട്ട് ഒരോ സോഷ്യൽ മീഡിയകളിലും കൂടെ ക്കൂടെ  പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കകത്തും ഇന്ത്യയ്ക്ക് പുറത്തും യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും  വരെ ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട്. അവിടങ്ങളിൽ ഉള്ള എന്റെ പരിചയത്തിലുള്ള   ആളുകൾ എന്നെ വിളിച്ച് ഈ കാര്യം  എന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.  

 1970 മുതൽ കഴിഞ്ഞ 50 വർഷക്കാലം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഞാൻ കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എംഎൽഎ  ആയിട്ടുണ്ട്. തിരൂരങ്ങാടിയിൽ മുമ്പ് മത്സരിച്ച്  തോറ്റ ആളുമാണ്.  ഇപ്പോൾ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ആണ്. നേരത്തെ സംസ്ഥാന സെക്രട്ടറിയായിരുന്നു. എസ്.ടി. യു സംസ്ഥാന പ്രസിഡണ്ടായിരുന്നു.  വഖഫ് ബോർഡ് മെമ്പർ ആയിരുന്നു. ഹജ്ജ് കമ്മിറ്റി മെമ്പർ ആയിരുന്നു. സെറിഫെഡ് ചെയർമാനായിരുന്നു. ആർ.ടി.ഒ. മെമ്പറായിരുന്നു കെ.എസ്.ആർ.ടി.സി ഉപദേശക സമിതി മെമ്പർ, മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റിയുടെ ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങളിലും  സ്ഥാപനങ്ങളിലും  അരനൂറ്റാണ്ട് കാലമായി പ്രവർത്തിക്കുന്നു.  1978 ആഗസ്റ്റ് 20 മുതൽ അഭിഭാഷകവൃത്തി ചെയ്യുന്ന ഒരാളാണ് ഞാൻ. എനിക്ക് ജനങ്ങൾക്കിടയിൽ ഉള്ള സ്വാധീനവും  എന്റെ മാന്യതയും അന്തസ്സും നശിപ്പിക്കുന്നതിന് വേണ്ടി കരുതിക്കൂട്ടിയാണ്  ഈ  ഓഡിയോ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.  തീർത്തും അടിസ്ഥാന രഹിതവും കുറ്റകരവുമായ രീതിയിലാണ് ഈ പ്രചരണം. ഇത് ഞാൻ പറഞ്ഞതാണ് എന്ന് പ്രചരിപ്പിക്കുന്നവർ   ഇത് ഞാൻ എവിടെ പറഞ്ഞു എപ്പൊൾ പറഞ്ഞു, ആരോട് പറഞ്ഞു  എന്ന യാതൊരു വിശദീകരണവും നൽകുന്നില്ല.   പുതിയ പടങ്ങൾ ചേർത്തു കൂടിയാണ്  എനിക്ക്  വളരെ ഹാനികരമായ രീതിയിൽ ഇപ്പോൾ ഈ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തും ഇപ്പോൾ പാലസ്തീൻ പ്രശ്‌നം നിലനിൽക്കുന്ന സമയത്തും  ഉള്ള  വിഷയങ്ങളും ഒക്കെ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.  സാമൂഹ്യ, സാംസ്‌കാരിക, മതപരമായ ബന്ധങ്ങളെ ഹനിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ഈ  ഓഡിയോ വ്യാജ ശബ്ദം പ്രചരിപ്പിക്കുന്നതോടെ ഉണ്ടാകാൻ ഇടയാകുന്നതാണ്. മത സ്പർദ്ധയും കലാപവുമുണ്ടാകാൻ വരെ സാധ്യതയുണ്ട് ..ഒരു വിഭാഗം ആളുകളെ  പ്രകോപിതരാക്കാനും ഈ ഓഡിയോ ക്ലിപ്പിനു കഴിഞ്ഞേക്കാം. അങ്ങനെ മതനിന്ദയും സ്പർദ്ധയും ഒക്കെ പ്രചരിപ്പിക്കുന്നതും നല്ലൊരു വിഭാഗം ജനങ്ങളുടെ  വേദഗ്രന്ഥങ്ങളെ അപമാനിക്കുന്ന തരത്തിലുമുള്ള പ്രചാരണം ഒക്കെ ഈ വീഡിയോയിൽ കൂട്ടിച്ചേർക്കുന്നത്  വഴി ജനങ്ങളിൽ ഉണ്ടാകുന്ന രോഷം എന്റെ നേരെ തിരിച്ചു വിടുന്നതിനും ഒരുപക്ഷേ  ഞാനും എന്റെ കുടുംബവും ആക്രമിക്കപ്പെടുന്നതിനു  വരെ കാരണമായേക്കാവുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വളരെ കുറ്റകരമായ പ്രവൃത്തിയാണ്. െ്രെകം നന്ദകുമാറിന്റെ ന്യൂസ് ചാനലും  അതുപോലുള്ള കുറേ യൂട്യൂബ് ചാനലുകാരും  അതൊന്നും അല്ലാത്ത ആളുകളും വ്യാപകമായി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും അതുപോലെ മറ്റു സോഷ്യൽ മീഡിയയിലും യൂട്യൂബിലും ധാരാളമായി ഈ ഓഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.. ഇപ്രകാരം  പ്രചരിപ്പിക്കുന്നത് എന്റെ  അന്തസ്സിനെയും  അഭിമാനത്തെയും ബാധിക്കുന്നതും സമൂഹത്തിലുള്ള സത്കീർത്തിയെ ഇകഴ്ത്തുന്നതുമാണ്. സത്യസന്ധമായി  ജീവിക്കുന്ന പൂർണ്ണമായും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഇതര മതങ്ങളെ സ്‌നേഹിക്കുന്ന എന്നെ  അപഹസിച്ച്, നശിപ്പിച്ചു,താറടിച്ചു കാണിക്കുവാൻ വലിയ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാൻ വ്യക്തമായും സംശയിക്കുന്നു.. ഈ ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന  ആളുകൾ ഒന്നുകിൽ സാമ്പത്തികമായ ലാഭത്തിനുവേണ്ടിയോ അല്ലെങ്കിൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയോ മറ്റു ചില ആളുകളുടെ പ്രേരണമൂലമോ ചെയ്യുന്നതാകാനുള്ള സകല സാധ്യതയുമുണ്ട്. നിയമസഭയിൽ പോലും ഈ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസർകോട് എംഎൽഎ ആയിരുന്ന എന്‍.എ നെല്ലിക്കുന്ന് ഈ കാര്യം  അവതരിപ്പിച്ചിട്ടുള്ളതാണ്.

ഇപ്രകാരം ഒന്നാം എതിർകക്ഷിയുടെ വോയ്‌സ് ക്ലിപ്പ് കൂട്ടിച്ചേർത്ത് എന്റെ ചിത്രങ്ങളും ഉപയോഗിച്ച് എനിക്ക് മാനഹാനി ഉണ്ടാക്കുവാനും  സമൂഹത്തിൽ മത സ്പർദ്ധക്കും, മതനിന്ദക്കും വിദ്വേഷ പ്രചരണത്തിനും കലാപത്തിനും കാരണമാകുവാനുമുള്ള  രീതിയിൽ  സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോറങ്ങളിൽ നടക്കുന്ന ഈ ക്രിമിനൽ കുറ്റ കൃത്യത്തിനെതിരെ യുക്തമായ നിയമ നടപടി ഉണ്ടാകേണ്ടതുണ്ട്. 

 എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെ കൂടി സുരക്ഷിതത്വം അപകടപ്പെടുത്തുന്ന രീതിയിൽ ഈ വിദ്വേഷ പ്രചാരകർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും എന്റെ പരാതിക്ക് അർഹമായ പരിഗണന നൽകി  അടിയന്തിര നടപടി എടുക്കാതിരിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്.


 അതിനാൽ താങ്കൾ സത്വരമായി  സൈബർ െ്രെകം നിയമങ്ങൾ അനുസരിച്ചും  ഇന്ത്യൻ പീനൽ കോഡിലെ  അനുയോജ്യമായ വകുപ്പുകൾ അനുസരിച്ചും ശക്തമായ നടപടികൾ എതിർകക്ഷികൾ ക്കെതിരെ സ്വീകരിച്ചും കുറ്റം ചെയ്യുന്നവരെ അന്വേഷിച്ചു കണ്ടെത്തണമെന്നും അവരുടെ പേരിൽ ശക്തമായ ക്രിമിനൽ  നടപടികൾ സ്വീകരിക്കണമെന്നും  ബോധ്യപ്പെട്ടതുകൊണ്ട് വീണ്ടും ഞാൻ പരാതി അങ്ങയുടെ മുമ്പാകെ സമർപ്പിക്കുകയാണ്.
 

Latest News